മലയിൻകീഴ് : മാസങ്ങൾക്ക് മുമ്പ് അടച്ച മാറനല്ലൂർ പൊലീസ് സ്റ്റേഷൻ റോഡ് തുറക്കാത്തതിനാൽ പ്രദേശവാസികൾ യാത്ര ചെയ്യാൻ കഴിയാതെ ദുരിതത്തിലാണ്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായാണ് മാറനല്ലൂർ-പുന്നാവൂർ ഇടറോഡ് പാറ വേസ്റ്റ് ഇറക്കി അടച്ചത്. മാറനല്ലൂർ പൊലീസ് സ്റ്റേഷൻ അടുത്തകാലത്താണ് പുതിയ മന്ദിരത്തിലേക്ക് മാറിയത്. ഈ റോഡിന് വീതി കുറവായതിനാൽ പൊലീസ് വാഹനമുൾപ്പെടെ കടന്ന് പോകുന്നതിനുള്ള സ്ഥലം സ്വകാര്യ ഡോക്ടർ സൗജന്യമായി നൽകിയിരുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് അനുവദിക്കുകയും ചെയ്തു. എന്നാൽ റോഡ് കോൺക്രീറ്റ് ചെയ്യാതെ കരാറുകാരൻ കരിങ്കൽവേസ്റ്റ് ഇറക്കിയിട്ടിരിക്കുന്നത് ജനങ്ങൾക്ക് ഇരട്ടി ദുരിതമായി. കഴിഞ്ഞ മൂന്ന് മാസമായി പ്രദേശവാസികൾ വീടുകളിലെത്താൻ നന്നേ ബുദ്ധിമുട്ടുകയാണ്. മാറനല്ലൂർ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ മാറനല്ലൂർ ഠൗൺ വാർഡിലുൾപ്പെട്ട ഈ റോഡിലൂടെയാണ് ചീനിവിള ജംഗ്ഷനിലെത്തുന്നത്. വിവിധ ആവശ്യങ്ങൾക്ക് മാറനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തുന്നവർ നിലവിൽ കണ്ടല ആശുപത്രി റോഡാണ് ഉപയോഗിക്കുന്നത്. മാറനല്ലൂർ - പുന്നാവൂർ റോഡിൽ പൊലീസ് സ്റ്റേഷനിലേക്കുള്ള ബോർഡ് കണ്ട് എത്തുന്നവർ പാതി വഴിയിൽ കുരുങ്ങുന്ന സ്ഥിതിയാണ്. വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഇറക്കിയ അസംസ്കൃത വസ്തുക്കളുടെ അരികിലൂടെ കഷ്ടിച്ച് ഒരാൾക്ക് പോകാമെങ്കിലും മഴ പെയ്താൽ റോഡ് വെള്ളത്തിൽ മുങ്ങും. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ റോഡ് അടിയന്തരമായി നവീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കരാറുകാരൻ മുങ്ങിനടക്കുന്നുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.