തിരുവനന്തപുരം : തിരുവനന്തപുരം ഉൾപ്പെടെ വിവിധ ജില്ലകളിൽ ഉറവിടമറിയാത്ത കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് സമൂഹവ്യാപന ഭീതി ശക്തമാക്കുന്നതിനാൽ എല്ലാവരും വളരെ സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത അഞ്ചു പേർ ഇതിനോടകം മരിച്ചു.
ഉറവിടം അറിയാത്ത കേസുകൾ കൂടുന്ന തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ വളരെ കർശനമാക്കുമെന്ന് മുഖ്യമന്ത്രിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്നലെ വ്യക്തമാക്കി. കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, ജില്ലകളിലും ഉറവിടമറിയാത്ത കേസുകൾ കൂടുതലാണ്. സർക്കാരിന്റെ കണക്കിൽ ഇന്നലെ വരെ 70 കേസുകളിലാണ് ഉറവിടം
അറിയാത്തത്. ഇതിൽ 49 കേസുകളും മേയ് നാലിന് ശേഷം ഉണ്ടായതാണ്.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വന്നതിന് പിന്നാലെ സംസ്ഥാനത്ത് രോഗം പകർന്നതായി ഈ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ രോഗികളുടെ എണ്ണം നോക്കിയിൽ ഉറവിടം അറിയാത്ത കേസുകൾ കുറവാണെന്നാണ് സർക്കാർ ആശ്വസിക്കുന്നത്. എന്നാൽ ഈ സ്ഥിതി തുടർന്നാൽ ആഴ്ചകൾക്കുള്ളിൽ കണക്കുകൂട്ടൽ തെറ്റും. പതിനായിരങ്ങളാണ് വരും ദിവസങ്ങളിൽ നാട്ടിലേക്ക് എത്താനുള്ളത്.
കേരളത്തിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്ക് പോയവർക്കും അവിടെ എത്തിയ ഉടൻ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും പോയ 50 ഓളം പേർക്കാണ് അവിടെ എത്തിയ ഉടൻ രോഗം സ്ഥിരീകരിച്ചത്. ആ സംസ്ഥാനങ്ങൾ ഔദ്യോഗികമായി അറിയിക്കാത്തതിനാൽ സംസ്ഥാനം ഇത് ഗൗരവമായി എടുത്തിട്ടില്ല.
28കാരന്റെ മരണത്തിൽ ആശങ്ക
കണ്ണൂരിൽ കൊവിഡ് ബാധിച്ച് എക്സൈസ് ഡ്രൈവർ സുനിൽ (28 ) മരിച്ചത് സർക്കാരിനെ കൂടുതൽ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രായമായവരിലും കുട്ടികളിലും കൊവിഡ് മരണത്തിന് കാരണമാകുമെന്നതിനാൽ റിവേഴ്സ് ക്വാറന്റൈൻ ഉൾപ്പെടെ നടപ്പാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഈ ചെറുപ്പക്കാരന്റെ മരണം. ഇതേ പറ്റി ആരോഗ്യവകുപ്പ് പ്രത്യേക പരിശോധന ആംഭിച്ചിട്ടുണ്ട്.
കൂടാതെ രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി അബ്ദുൾ കരീം, തിരുവനന്തപുരത്ത് മരിച്ച ഫാ കെ.ജി.വർഗീസ്, വഞ്ചിയൂരിൽ മരിച്ച കൂലിപ്പണിക്കാരൻ രമേശൻ, തൃശൂർ ഏങ്ങണ്ടിയൂരിൽ മരിച്ച കുമാരൻ എന്നിവരുടെയും രോഗബാധയുടെ ഉറവിടം അവ്യക്തമാണ്.
തലസ്ഥാനത്ത് ഗുരുതരം
തിരുവനന്തപുരത്ത് മണക്കാട്ട് മൊബൈൽ ഷോപ്പ് നടത്തുന്നയാൾ, പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർ, ഐരാണിമുട്ടത്ത് ആട്ടോഡ്രൈവർ എന്നിവർക്ക് അടുത്തടുത്ത ദിവസങ്ങളിൽ രോഗബാധയുണ്ടായി. ഉറവിടം കണ്ടെത്താനായിട്ടില്ല. ആട്ടോ ഡ്രൈവറുടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും രോഗം ബാധിച്ചതോടെ നാടാകെ ഭീതിയിലാണ്. ഇവരെല്ലാം കൂടുതൽ പേരുമായി അടുത്ത് ഇടപഴകി.
'സമൂഹവ്യാപന ഭീഷണി തലക്ക് മുകളിൽ നിൽക്കുകയാണ്. അത് ഒഴിവാക്കാൻ സാദ്ധ്യമായ എല്ലാ ശ്രമവും തുടരുന്നു. ഓരോരുത്തരും കൂടുതൽ ജാഗ്രത പാലിക്കണം.'
- മുഖ്യമന്ത്രി പിണറായി വിജയൻ