sudheeran-
SUDHEERAN

തിരുവനന്തപുരം: വ്യാജരേഖകൾ ചമച്ച് ഹാരിസൺ ഉൾപ്പെടെയുള്ള വൻകിട കുത്തക കമ്പനികൾ നിയമവിരുദ്ധമായി കൈയടക്കിവച്ച ഭൂമിക്കും അവരിൽ നിന്ന് അനധികൃതമായി വാങ്ങിയ ഭൂമിക്കും ഇല്ലാത്ത അവകാശം സ്ഥാപിച്ചുകൊടുക്കാനാണ് പണം കെട്ടിവച്ച് ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്നതെന്ന് വി.എം. സുധീരൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആരോപിച്ചു.
നിവേദിത പി. ഹരൻ കമ്മിഷനും ജസ്റ്റിസ് മനോഹരൻ കമ്മിഷനും രാജമാണിക്യം റിപ്പോർട്ടും വിവിധ കോടതിവിധികളുമടക്കമുള്ള ആധികാരിക പരിശോധനകളിലും പഠനങ്ങളിലും കുത്തക കമ്പനിക്കാർ കൈയടക്കി വച്ച 5.5 ലക്ഷം ഏക്കറോളം ഭൂമി സർക്കാരിന്റേതാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ ഭൂമി സർക്കാർ തന്നെ പണം കെട്ടിവച്ച് ഏറ്റെടുക്കുന്നത് അതിവിചിത്രമാണെന്ന് പറഞ്ഞ സുധീരൻ പൊതുഖജനാവിൽ നിന്ന് പണം ചെലവാക്കാതെ ഭൂമി ഏറ്റെടുക്കണമെന്നും അപ്രകാരം ഏറ്റെടുക്കുന്ന ഭൂമിയിലാണ് ശബരിമല വിമാനത്താവളം സ്ഥാപിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി.