കൊച്ചി: ലോകം മുഴുവൻ കൊവിഡ് പേടിയിലൂടെ കടന്നുപോകുമ്പോഴാണ് ഭാരതത്തിന് പ്രതീക്ഷയായി യോഗ നിലകൊള്ളുന്നത്. ലോക്ക്ഡൗണിൽ രാജ്യത്തെ ജനങ്ങളുടെ മാനസിക സമ്മർദ്ദത്തിന് പ്രായോഗിക പ്രതിവിധിയായ യോഗയെ ഇപ്പോൾ ലോകം മുഴുവൻ ഏറ്റെടുക്കുകയാണ്. 2015 ജൂൺ 21മുതലാണ് ലോകം അന്താരാഷ്ട്ര യോഗദിനം ആചരിക്കാൻ തുടങ്ങിയത്. 2014 സെ്ര്രപംബർ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഐക്യരാഷ്ട്രസഭയിലെ അഭിസംബോധനയാണ് ഇതിലേക്ക് നയിച്ചത്.

തന്റെ ഉള്ളിലേക്ക് ആഴത്തിലിറങ്ങി സ്വന്തം സുഖവും സുഖവും ക്ഷേമവും ഉറപ്പു വരുത്താൻ സഹായിക്കുന്ന യോഗ ഒരേസമയം മാനസികാരോഗ്യത്തിന് ഒരു ഉപാധിയും ഉപകരണവുമാണ്. യോഗ എന്ന സംസ്‌കൃതപദത്തിന്റെ അർഥം തന്നെ 'യോജിപ്പിക്കുക' എന്നതാണ്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഘടകം അഥവാ അംഗങ്ങളുള്ളതിനാൽ അഷ്ടാംഗയോഗയെന്നും അറിയപ്പെടുന്നു.


കൊവിഡ് കാലത്തെ യോഗ

ആയുസും ആരോഗ്യവും പ്രദാനം ചെയ്യുക എന്നതാണ് യോഗയുടെ മുഖ്യലക്ഷ്യം. കൊവിഡ് കാലത്തും യോഗ ശാസ്ത്രത്തിലെ നിയമത്തിലെ സൗചവും തപസുമാണ് എല്ലാവരും അനുഷ്ഠിച്ചത്. തപസെന്നാൽ ത്യാഗമെന്നാണ് യോഗ അനുശാസിക്കുന്നത്. തന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി എല്ലാവരും വീട്ടിലിരുന്ന് ത്യാഗം ചെയ്തു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ യോഗാസനങ്ങളും പ്രാണായാമവും അഭ്യസിക്കാൻ ഇന്ത്യയ്ക്ക് പുറത്തുള്ള ആരോഗ്യവിദഗ്ദ്ധരും പറഞ്ഞു. ഏത് കാലഘട്ടത്തിലും ശരീരത്തിനും മനസിനും ഉണ്ടാകുന്ന രോഗ പരിഹാരം യോഗശാസ്ത്രത്തിൽ ഉണ്ടെന്ന് ലോകജനത ഒന്നാകെ സമ്മതിച്ചു.


'ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു.'

ഡോ. ബെന്നി എൻ.ജെ, എം.ഡി

മനോരോഗ വിദഗ്ദ്ധൻ, യോഗശാസ്ത്രജ്ഞൻ

ആയുർയോഗ ഗുരുകുലം കൊച്ചി