വെള്ളറട: പട്ടാപ്പകൽ വീട്ടമ്മയുടെ ബാഗ് പിടിച്ചു വാങ്ങി, കത്തികാട്ടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി.കാഞ്ഞിരംകുളം ചാവടി മണൽത്തട്ട് കാനൽ കോട്ടേജിൽ ഷിബു എസ് .നായരെ(42)യാണ് നാട്ടുകാർ പിടിച്ച് പൊലീസിനെ ഏൽപ്പിച്ചത്.ശനിയാഴ്ച രാവിലെ 11 മണിയോടെ പനച്ചമൂട് ജംഗ്ഷനിലായിരുന്നു സംഭവം.പനച്ചമൂട്ടിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്ന് വരുകയായിരുന്ന വേങ്കോട് സ്വദേശിയായ വീട്ടമ്മയുടെ 13000 രൂപയടങ്ങിയ ബാഗ് ഇയാൾ തട്ടിപ്പറിച്ചു. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ബൈക്കിലിടിച്ച് നിലത്തു വീണ ഇയാൾ ഓടിക്കുടിയ നാട്ടുകാരെ കത്തികാട്ടി രക്ഷപ്പെടാൻ ശ്രമിക്കവെ പിടിയിലാവുകയായിരുന്നു.
നിരവധി പിടിച്ചു പറിക്കേസുകളിലെ പ്രതിയായ ഇയാൾ വീടു നിർമ്മാണത്തിന് വായ്പതരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഷെയറെന്ന പേരിൽ നിരവധിപേരെ പറ്റിച്ച കേസിലും പ്രതിയാണ്.സുവിശേഷ പ്രാസംഗികനായും പ്രവർത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വെള്ളറട സി ഐ എം ശ്രീകുമാർ, എസ് ഐ സതീഷ് ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി .14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.