നെടുമങ്ങാട്: കൊവിഡ് രോഗി മെഡിക്കൽ കോളേജിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആനാട്ടെ കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മും യുവാവിന്റെ മരണത്തിന് ഉത്തരവാദികളായ ആശുപത്രി അധികൃതരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സത്യഗ്രഹ സമരം സംഘടിപ്പിച്ചു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആനാട് പഞ്ചായത്തോഫീസിനു മുന്നിൽ നടക്കുന്ന റിലേ സത്യഗ്രഹത്തിന്റെ ഭാഗമായി നടത്തിയ ബഹുജന മാർച്ച് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു. മൂഴി രാജേഷ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, മന്നൂർക്കോണം രാജേന്ദ്രൻ, ടി. പദ്മകുമാർ, എം. ഗിരീഷ് കുമാർ, കെ. രാജേന്ദ്രൻ, ആനാട് ഷജീർ, ജി. ഷൈജുകുമാർ എന്നിവർ പങ്കെടുത്തു. വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിലെത്തിയ പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. സി.ഐ.ടി.യു പ്രവർത്തകരുടെ സത്യഗ്രഹത്തിൽ ആർ.സി. രാജൻ, പുരുഷോത്തമൻ, കെ. സുകുമാരനാശാരി, തുളസീധരൻ, കെ. രാജൻ എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് പ്രവർത്തകരുടെ സത്യഗ്രഹ സമരം ജില്ലാപഞ്ചായത്തംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ആനാട് ജയൻ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. തേക്കട അനിൽ, പി.എസ്. ബാജിലാൽ, പുരുഷോത്തമൻ നായർ, അഡ്വ. അരുൺകുമാർ, ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, രഘുനാഥൻ നായർ, അഡ്വ. മുജീബ്, ആർ.ജെ. മഞ്ചു, നെട്ടറക്കോണം ഗോപാലകൃഷ്ണൻ, ഹുമയൂൺ കബീർ, കെ. ശേഖരൻ, അക്ബർ ഷാ, പുത്തൻപാലം ഷഹീദ്, മൂഴി സുനിൽ, വഞ്ചുവം അമീർ തുടങ്ങിയവർ സംസാരിച്ചു.