കോവളം: വിഴിഞ്ഞം തുറമുഖത്ത് പുലിമുട്ടുകൾ നിർമ്മിക്കാനാവശ്യമായ കരിങ്കല്ലുകൾ എത്തിച്ച് തുടങ്ങി. കിളിമാനൂരിന് സമീപം നഗരൂരിലുള്ള പാറമട, കൊട്ടാക്കര താലൂക്കിലെ കുമ്മിൾ എന്നിവിടങ്ങളിൽ നിന്നും റോഡ് മാർഗം പാറകളെത്തിച്ചാണ് പുലിമുട്ട്, തുറമുഖത്തിന് ആവശ്യമായ കെട്ടിടങ്ങൾ എന്നിവയുടെ പണി നടക്കുന്നത്. 3.1 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന പുലിമുട്ടിന് 70 ലക്ഷം ടൺ കല്ല് ആവശ്യമായി വരും. ഇതിൽ 20 ലക്ഷത്തോളം കല്ല് പ്രദേശത്ത് എത്തിക്കഴിഞ്ഞു. പിരമിഡിന്റെ രൂപത്തിലാണ് പുലിമുട്ട് നിർമിക്കുക. പുലിമുട്ട് അറ്റകുറ്റപ്പണി, തുറമുഖത്തെ ഓഫീസ് കെട്ടിടങ്ങളുടെ നിർമാണം, ചുറ്റുമതിൽ തുടങ്ങിയ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. തുറമുഖത്തിന്റെ ഓരോ ഭാഗങ്ങളായി ഈ മാസം മുതൽ കമ്മിഷൻ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് നിർമ്മാണം വൈകിയതോടെ പദ്ധതി പാളി. സർക്കാരുമായി ചർച്ച ചെയ്ത ശേഷം ഇനി തീയതികൾ പുതുക്കി നിശ്ചയിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. നിരവധി പ്രാദേശിക പ്രശ്നങ്ങളും, പുലിമുട്ടിന്റെ നിർമാണത്തിന് കരിങ്കൽ കിട്ടാത്തതും വിഴിഞ്ഞം പദ്ധതിയെ ഏറെ പിന്നോട്ടടിച്ചിരുന്നു. ഒന്നാംഘട്ടം പൂർത്തീകരണത്തിന് ഇനി എത്ര സമയം ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ പ്രോജക്ട് കംപ്ലീഷൻ ഷെഡ്യൂൾ കരാർ കമ്പനി ഇതുവരെ സർക്കാരിന് സമർപ്പിച്ചിട്ടില്ല. കരാർപ്രകാരം പദ്ധതിയുടെ ആദ്യ നിർമ്മാണം 2019 ഡിസംബർ 3 ന് പൂർത്തീകരിക്കേണ്ടതായിരുന്നു. 3 മാസം പിഴ ഇല്ലാതെയും തുടർന്ന് 6 മാസം പിഴയോടുകൂടിയുള്ള ക്യൂറിംഗ് പിരീഡിന് കൺസഷൻ കരാറിൽ വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് 2020 സെപ്റ്റംബർ മാസത്തിൽ കമ്പനി പണി പൂർത്തീകരിക്കേണ്ടി വരും
ആദ്യഘട്ടം പൂർത്തീകരിയ്ക്കേണ്ടത് : പുലിമുട്ട് 3100 മീറ്റർ , ഡ്രെഡ്ജിംഗ് ആൻഡ് റിക്ലമേഷൻ 7.1 ദശലക്ഷം ഘനമീറ്റർ , കണ്ടെയ്നർ ബർത്ത് 800 മീറ്റർ x 60 മീറ്റർ, കണ്ടെയ്നർ യാർഡ് 30 ഹെക്ടർ ,
തുറമുഖത്തിനായിട്ടുള്ള യന്ത്രോപകരണങ്ങൾ കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിനുള്ള ക്രെയിനുകൾ 8, ബോട്ട് 4, യാർഡ് ക്രെയിനുകൾ 24, റോഡ് കണക്‌ടിവിറ്റി തുറമുഖത്തെ എൻ.എച്ച് 66 ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്റർ നീളമുള്ള നാലുവരിപ്പാത.
പൂർത്തിയായവ : പുലിമുട്ട് 30 ശതമാനം, ഡ്രെജിംഗ് ആൻഡ് റിക്ലമേഷൻ 50 ശതമാനം, പൈലിംഗ്, ബീമുകൾ, സ്ലാബുകൾ എന്നിവയുടെ പ്രീകാസ്റ്റിംഗ് പണികൾ 100ശതമാനം പൂർത്തീകരിച്ചു. യാർഡിന് ആവശ്യമായ പേവർ ബ്ലോക്കുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. റോഡ് കണക്ടിവിറ്റി നിർമ്മാണം ആരംഭിച്ചു. ടണൽ റെയിൽപ്പാത എസ്റ്റിമേറ്റും കരാർ നടപടികളും ആരംഭിച്ചു.