തിരുവനന്തപുരം: കൊവിഡ് പരിശോധന കൂടാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തെ ചൊല്ലി കോൺഗ്രസിലും യു.ഡി.എഫിലും ഭിന്നസ്വരങ്ങളുയരുന്നു.
പരാമർശത്തോടെ സമരത്തിന്റെ ലക്ഷ്യം പാളിയെന്ന് ഒരു വിഭാഗം നേതാക്കൾ വാദിക്കുമ്പോൾത്തന്നെ അനുകൂല പ്രതികരണവുമായി പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിലെത്തി. ദുരുദ്ദേശ്യമില്ലെന്ന് കെ.പി.സി.സി ഭാരവാഹികളായ ചില നേതാക്കൾ പറയുന്നു.
വ്യക്തിപരമായി അധിക്ഷേപിക്കാതെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാരിനെ പ്രതിരോധിക്കണമെന്ന യു.ഡി.എഫ് നിലപാടിന് വിരുദ്ധമാണ് പരാമർശമെന്ന വാദം ശക്തമാണ്. അനവസരത്തിൽ നടത്തിയ ബോധപൂർവമായ പരാമർശമെന്നാണ് അവർ കരുതുന്നത്.
പൗരത്വനിയമ ഭേദഗതി പ്രശ്നം വന്നതോടെ യു.ഡി.എഫിനോട് ആഭിമുഖ്യം കുറഞ്ഞ മുസ്ലിം വിഭാഗത്തിലുള്ളവരെ തിരിച്ചെത്തിക്കാനുള്ള അവസരമായിരുന്നു പ്രവാസിവിഷയം. അതിന് തുരങ്കം വയ്ക്കുന്നതായി വിവാദ പരാമർശമെന്ന് ചില നേതാക്കൾ കരുതുന്നു. കൊവിഡ് പ്രതിരോധത്തിന്റെ തുടക്കസമയത്ത് മന്ത്രി ശൈലജയ്ക്ക് മീഡിയ മാനിയ ആണെന്ന് പ്രതിപക്ഷനേതാവ് നടത്തിയ വിമർശനം സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനുശേഷം വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കാതെ വിഷയങ്ങളിലൂന്നിയായിരുന്നു പ്രതിപക്ഷ വിമർശനം.
കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ മുല്ലപ്പള്ളിയുടെ പ്രവർത്തനത്തിൽ തൃപ്തരല്ല. പാർട്ടി പ്രവർത്തകരെയോ നേതാക്കളെയോ അദ്ദേഹം പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. അദ്ദേഹം വിവാദം അവസാനിപ്പിക്കുന്നതിന് പകരം ആളിക്കത്തിക്കുകയാണെന്ന പരാതിയുമുണ്ട്. എന്നാൽ, പുതിയ കെ.പി.സി.സി ഭാരവാഹികളിൽ വലിയൊരു വിഭാഗം മുല്ലപ്പള്ളിയെ ന്യായീകരിക്കുന്നു.