തിരുവനന്തപുരം: വേണുഗോപാലിന് പ്രായം 74 ആണെന്ന് പറഞ്ഞാൽ പലരും നെറ്റിചുളിക്കും. ശാരീരിക അവശതകളെയും രോഗങ്ങളെയും എങ്ങനെ പടിക്ക് പുറത്താക്കിയെന്ന് ചോദിച്ചാൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായ
കരമന കാലടി സ്വദേശി പി. വേണുഗോപാലിന് ഒറ്റ ഉത്തരമേയുള്ളു 'യോഗ'. ആശുപത്രി വാസത്തിന്റെ ഓർമ്മകൾ പോലും ഇദ്ദേഹത്തിനില്ല. 40 വർഷം മുൻപ് തമാശയ്ക്ക് തുടങ്ങിയ യോഗ പരിശീലനം ഇന്ന് ജീവിത്തിന്റെ ഭാഗമാണ്. ശീർഷാസനമടക്കം കഠിനമായ വ്യായാമ മുറകളോടാണ് താത്പര്യം. പുലർച്ചെ നാലിന് ഉറക്കമുണരും. അഞ്ച് മുതൽ ആറ് വരെ കരമനയാറ്റിൽ നീന്തൽ. വീട്ടിൽ തിരിച്ചെത്തി 7 മുതൽ ഒന്നരമണിക്കൂർ യോഗ. പ്രിയ വിനോദമായ ബാഡ്മിന്റനും മുടക്കാറില്ല. ഡൽഹിയിൽ ജോലി നോക്കുന്ന കാലത്ത് ഹരിയാന സ്വദേശികളായ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യോഗ അഭ്യസിച്ചത്.
1999ൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷം നാട്ടിലെത്തി. സൈക്കിൾ യാത്രയാണ് മറ്റൊരു വിനോദം.
ദീർഘദൂര സൈക്കിൾ യാത്രകളിലൂടെ ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. 1964ൽ 278 മണിക്കൂർ തുടർച്ചയായി സൈക്കിൾ ചവിട്ടി റെക്കോഡും നേടി. ലോക്ക് ഡൗണിന് മുൻപ് വരെ പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാർക്ക് യോഗ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. ഭാര്യ വിലാസിനിയമ്മ. വിവാഹിതരായ രണ്ട് പെൺമക്കളുമുണ്ട്.
കൊവിഡും യോഗയും
'കൊവിഡ് വ്യാപന കാലത്ത് യോഗയുടെ പ്രാധാന്യം വർദ്ധിക്കുകയാണ്. യോഗയിലെ ശ്വസന വ്യായാമങ്ങൾ ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. മാനസിക സമ്മർദ്ദത്തിനും യോഗ നല്ലൊരു മരുന്നാണ്. സ്ഥിരമായി ശ്വസനവ്യായാമങ്ങൾ ചെയ്യുന്ന വ്യക്തിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാൻ സാദ്ധ്യത കുറവാണ്.
-പി. വേണുഗോപാൽ