തിരുവനന്തപുരം: അമിത വൈദ്യുതി ചാർജ് പിൻവലിച്ച് ഉപഭോക്താക്കളുടെ പരാതി പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ആവശ്യപ്പെട്ടു. അമിത ചാർജ് രേഖപെടുത്തിയ ബില്ലുകൾ പിൻവലിക്കുക, ലോക്ക് ഡൗണിൽ കടകൾ അടഞ്ഞു കിടക്കുന്ന സമയത്തെ വൈദ്യുതി ചാർജ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്ക് ഡൗൺ കാലത്ത് അടഞ്ഞുകിടക്കുന്ന കടകൾക്കും വീടുകൾക്കും വൻതുക അടയ്ക്കാനുള്ള നോട്ടീസുകളാണ് പലർക്കും ലഭിക്കുന്നത്. ബില്ലുകൾ യഥാസമയം അടയ്ക്കാതിരുന്നാൽ പലയിടങ്ങളിലും ഫ്യൂസ് ഊരിക്കൊണ്ട് പോകുന്നത് പ്രതിഷേധർഹമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ വൈദ്യുതി കേന്ദ്രങ്ങൾക്കുമുന്നിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സെക്രട്ടേറിയറ്റിനു മുന്നിലെ ധർണയിൽ ജനറൽ സെക്രട്ടറി വൈ. വിജയൻ, ട്രഷറർ ധനീഷ് ചന്ദ്രൻ, വെള്ളറട രാജേന്ദ്രൻ, ജോഷി ബാസു, പാലോട് കുട്ടപ്പൻ നായർ തുടങ്ങിയവർ പങ്കെടുത്തു.