തിരുവനന്തപുരം: കൂടത്തായി കൊലക്കേസിന്റെ ചുരുളഴിച്ച അന്വേഷണ മികവ് ഇനി തലസ്ഥാന ജില്ലയ്‌ക്ക് കരുതലാകും. സയനൈഡ് കൊല വെളിച്ചത്തെത്തിച്ച അന്വേഷണ സംഘത്തിലെ മുൻ ഐ.ടി സെൽ എസ്.പി ഡോ. ദിവ്യ ഗോപിനാഥാണ് തിങ്കളാഴ്ച ഡെപ്യൂട്ടി കമ്മിഷണറായി ചുമതലയേൽക്കുന്നത്. ക്രമസമാധാനത്തിലും ഒപ്പം ഡോക്ടറെന്ന നിലയിൽ കൊവിഡ് നിയന്ത്രണത്തിലും അനന്തപുരിയുടെ സംരക്ഷകയാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.
ക്രമസമാധാന പാലനത്തിൽ തെല്ലും വിട്ടുവീഴ്ചയില്ലെന്ന് കർണാടക മന്ത്രിയുമായി കൊമ്പുകോർത്തത്തിലൂടെ തിരുവനന്തപുരം സ്വദേശിയായ ദിവ്യ തെളിയിച്ചിരുന്നു. എം.ബി.ബി.എസ് കഴിഞ്ഞശേഷം 2010ലെ ആദ്യ പരിശ്രമത്തിൽ ഐ.പി.എസ് നേടി. കർണാടക കേഡറിൽ ജോലി ലഭിച്ച ദിവ്യ ചിക്ക്ബല്ലപൂരിലാണ് ആദ്യമായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുമഗുരുവിൽ സിദ്ധ ഗംഗാശ്രമത്തിൽ ശിവകുമാർ സ്വാമിയുടെ സംസ്കാര ചടങ്ങുകൾക്ക് ഗാർഡ് ഒഫ് ഓണർ നൽകി മഠത്തിനകത്തേക്ക് കൊണ്ടുപോകുന്നതിനിടയിൽ നിയന്ത്രണം തെറ്റിച്ച് അവിടേക്കെത്തിയ ടൂറിസം മന്ത്രി മഹേഷിന്റെ വാഹനം കടത്തിവിടാൻ തയ്യാറാകാതിരുന്ന സംഭവത്തോടെയാണ് ദിവ്യ ദേശീയ ശ്രദ്ധയിലേക്കെത്തുന്നത്. ക്ഷുഭിതനായി കാറിൽ നിന്നിറങ്ങിയ മന്ത്രി ആക്രോശിച്ചെങ്കിലും താൻ ചെയ്തതാണ് ശരിയെന്ന നിലപാടിലായിരുന്നു ദിവ്യ. ഈ സംഭവത്തെ തുടർന്നാണ് ദിവ്യ ഗോപിനാഥ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ കഴിഞ്ഞ ആഗസ്റ്റിൽ കേരളത്തിലെത്തുന്നത്.
സംസ്ഥാനത്ത് ഐ.ടി സെൽ എസ്.പിയായി പ്രവർത്തിക്കുന്നതിനിടെയാണ് കൂടത്തായി കേസിലെ നിർണായക ചുമതല കൂടി ലഭിക്കുന്നത്. സയനൈഡാണ് കൊലപാതകങ്ങൾക്ക് ഉപയോഗിച്ചതെന്ന് ശാസ്ത്രീയ തെളിവുകളുടെ വിശകലനത്തിലൂടെ കണ്ടെത്താൻ ദിവ്യക്ക് കഴിഞ്ഞു. കുറ്റാന്വേഷണ ചരിത്രത്തിലെ ശ്രദ്ധേയമായ വിജയത്തിന്റെ തുടർച്ചയാണ് തിരുവനന്തപുരം ഡി.സി.പിയായുള്ള പുതിയ നിയമനം. ജനിച്ചത് കൊല്ലത്താണെങ്കിലും വർഷങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് നവരംഗം ലെയിനിലാണ് ദിവ്യയുടെ താമസം. അതുകൊണ്ടുതന്നെ നഗരത്തിന്റെ മുക്കും മൂലയും നന്നായി അറിയാവുന്നയാളാണ് ദിവ്യ. ശ്രീചിത്രയിലെ കാർഡിയാക് സർജൻ ഡോ. വിവേക് പിള്ളയാണ് ഭർത്താവ്. ഏക മകൾ ശ്രേയ വിദ്യാർത്ഥിയാണ്.
കൊവിഡ് പ്രതിരോധം ശക്തമാക്കും
തിരുവനന്തപുരം : ഉറവിടം അറിയാത്ത പുതിയ കൊവിഡ് കേസുകൾ നഗരത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധം ശക്തമാക്കുമെന്ന് നിയുക്ത ഡി.സി.പി ഡോ. ദിവ്യ ഗോപിനാഥ് കേരളകൗമുദിയോട് പറഞ്ഞു. പൊലീസുകാരുടെ ജീവന് കൂടി സുരക്ഷ നൽകിയുള്ള പ്രവർത്തനങ്ങളാകും നടത്തുക. കൊവിഡ് സ്ട്രാറ്റജി നേരത്തെ തീരുമാനിച്ചിട്ടുണ്ട്. നഗരത്തിലെ കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള കൂട്ടായ പ്രവർത്തനത്തിൽ ഡോക്ടറെന്ന നിലയിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുമെന്നാണ് പ്രത്യാശ. നിയമങ്ങൾ കൃത്യമായി പാലിക്കാതിരിക്കുന്നതാണ് കൊവിഡ് വ്യാപനത്തിന് കാരണമാകുന്നത്. അതടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കുമെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു.