gst

തിരുവനന്തപുരം: വിവാഹങ്ങൾക്കായി മുൻകൂട്ടി ബുക്ക് ചെയ്ത ഹാളുകളുടെ അഡ്വാൻസ് തുകയിലെ ജി.എസ്.ടി സർക്കാരിൽ അടയ്ക്കാതെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതായി പരാതി. നഗരത്തിലെ വൻകിട കല്യാണ ഹാളുകളിൽ ആറുമാസം മുമ്പേ മുഴുവൻ പണവും അടയ്ക്കേണ്ടതുണ്ട്. എന്നാൽ ലോക്ഡൗണിൽ വിവാഹം മാറ്റിവച്ചവർ അഡ്വാൻസ് തുക തിരികെ വാങ്ങിയപ്പോൾ ജി.എസ്.ടി പിടിച്ചിട്ട് ബാക്കി തുക നൽകിയെന്നാണ് ആരോപണം. ചില സ്ഥലങ്ങളിൽ ഒരു ലക്ഷം രൂപയോളം മുൻകൂർ അടയ്ക്കണം. ജി.എസ്.ടി നിയമപ്രകാരം ചരക്കുകൾക്കോ സേവനങ്ങൾക്കോ ഉള്ള തുകയുടെ അഡ്വാൻസും ജി.എസ്.ടിയിൽപ്പെടും. അതുകൊണ്ട് അഡ്വാൻസ് തുക അടയ്ക്കുമ്പോൾ തന്നെ 18 ശതമാനം ജി.എസ്.ടിയും ഈടാക്കും. ഇങ്ങനെ ഈടാക്കുന്ന തുക അടുത്ത മാസത്തെ റിട്ടേണിൽ ഉൾപ്പെടുത്തണമെന്നാണ് നിയമം. ഇപ്പോൾ ഫെബ്രുവരിയിലെ റിട്ടേൺ അടയ്ക്കാനുള്ള സമയം സെപ്തംബർ വരെ നീട്ടി നൽകിയിട്ടുണ്ട്.