തിരുവനന്തപുരം: നിപ പ്രതിരോധത്തിന്റെ ഭാഗമായി ജീവൻ നഷ്ടപ്പെട്ട സിസ്റ്റർ ലിനിയുടെ കുടുംബത്തിനെതിരെ സമരം നടത്തുന്നതിലേക്ക് അധ:പതിച്ച കോൺഗ്രസ് ഇതിലൂടെ എന്ത് പ്രതികരണമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. സിസ്റ്റർ ലിനിയുടെ കുടുംബത്തെ വേട്ടയാടാനുള്ള ശ്രമത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഇന്നലെ കോഴിക്കോട് ലിനിയുടെ ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് നടന്ന കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിനെ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

ലോകം മുഴുവൻ ആദരിക്കുന്ന പോരാളിയാണ് നിപയ്ക്കെതിരായ പോരാട്ടത്തിൽ രക്തസാക്ഷിയായ സിസ്റ്റർ ലിനി. നമ്മുടെയെല്ലാം കുടുംബമെന്ന നിലയ്ക്കാണ് ലിനിയുടെ കുടുംബത്തെ കേരളമാകെ കാണുന്നത്. അതിനെ അംഗീകരിക്കണമെന്ന് നിർബന്ധമില്ല. ആ കുടുംബത്തോട് എന്തിനാണിത്ര ക്രൂരത കാട്ടിയത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി കാലത്ത് കൂടെ നിന്നത് ആരാണെന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞുവെന്നതാണ് പ്രതിഷേധത്തിന് കാരണം. നിപയെ ചെറുക്കാനും കൂടുതൽ മരണം ഒഴിവാക്കാനും നടത്തിയ പോരാട്ടത്തിൽ, അതിന് ചുമതലപ്പെട്ട ആരോഗ്യമന്ത്രി മുന്നിലുണ്ടായിരുന്നുവെന്ന് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണ്. ആ മന്ത്രിയെ മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോൾ ആദ്യം പ്രതികരണമുണ്ടാവുക സ്വാഭാവികമായും ലിനിയുടെ കുടുംബത്തിൽ നിന്നാകും.

സിസ്റ്റർ ലിനിയുടെ കുടുംബത്തോടും കുഞ്ഞുമക്കളോടും ഭർത്താവ് സജീഷിനോടുമൊപ്പമാണ് കേരളം. അവർക്ക് എല്ലാ സുരക്ഷിതത്വവും കേരളം നൽകും. കോൺഗ്രസ് നേതാക്കളുടെ ചെയ്തികളെക്കുറിച്ച് രാഷ്ട്രീയവിരോധം വച്ച് പറയുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.