പാലോട്: ചെറ്റച്ചൽ സമരഭൂമിയിലെ ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാകാതെ ബുദ്ധിമുട്ടിയിരുന്ന നാല് ആദിവാസികുട്ടികൾക്ക് ടിവിയും ഡി.റ്റി.എച്ച് കണക്ഷനും എത്തിച്ച് പാലോട് ജനമൈത്രി പൊലീസ്. ഈ കുട്ടികളുടെ ബുദ്ധിമുട്ടിനെക്കുറിച്ച് കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പാലോട് പൊലീസ് സി.ഐ സി.കെ. മനോജ് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ടിവിയും ഡി.റ്റി.എച്ചും വാങ്ങി നൽകുമെന്ന് അറിയിച്ചു. ഈ പ്രദേശത്ത് വൈദ്യുതി എത്താതതിനാൽ സോളാർ പാനലും എത്തിച്ച് നൽകുമെന്ന് പാലോട് പൊലീസ് അറിയിച്ചിരുന്നു. തുടർന്ന് പാലോട് സ്റ്റേഷനിലെ മോണിട്ടറി കമ്മിറ്റി അംഗങ്ങൾ മുഖേന നന്ദിയോട് പഞ്ചായത്തിലെ ഫയർ വർക്ക്സ് ഉടമകളുടേയും, കൊവിഡ് ഡ്യൂട്ടിക്കായി അറ്റാച്ച് ചെയ്തിട്ടുള്ള റിക്രൂട്ട് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ടിവിയും സോളാർ പാനലും ഡി.റ്റി.എച്ചും വാങ്ങി നൽകി. ഇന്നലെ വൈകുന്നേരം 6 മണിക്ക് പാലോട് സി.ഐ. സി.കെ. മനോജ് കുട്ടികൾക്ക് ഇവ കൈമാറി. ഗ്രേഡ് എസ്.ഐ.ഭുവനചന്ദ്രൻ ,ജി.എസ്.ഐ. അൻസാരി, എ.എസ്.ഐ എൻ. അനിൽ കുമാർ, ബിജു, രാജേഷ്, വിനീത്, റിയാസ്, അനുപ് ,സുനിത, ഫയർ വർക്ക്സ് യൂണിയൻ ഭാരവാഹികളായ രാമചന്ദ്രൻ, കണ്ണൻ, ശശി ആശ, സുന്ദരേശൻ കാണി എന്നിവർ പങ്കെടുത്തു. ആദിവാസി മേഖലകളിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നിരവധി ജനക്ഷേമ പരിപാടികളാണ് പാലോട് ജനമൈത്രി പൊലീസ് സംഘടിപ്പിച്ചിട്ടുള്ളത്. ഒരാഴ്ചയിൽ അഞ്ചോളം ആത്മഹത്യകൾ നടന്നിരുന്ന ആദിവാസി പിന്നോക്ക മേഖലകളിൽ ബോധവത്കരണ ക്ലാസ്സുകളും മെഡിക്കൽ ക്യാമ്പുകളും ലഹരിവിരുദ്ധ പരിപാടികളും സംഘടിപ്പിച്ച് ഇവരെ കൂടി സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടു വരാനും പാലോട് ജനമൈത്രി പൊലീസിന് ആയിട്ടുണ്ട്.