fuel-tax

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും കേന്ദ്രം എക്‌സൈസ് നികുതി വർദ്ധിപ്പിച്ചത് സംസ്ഥാന സർക്കാരിനും വലിയ സാമ്പത്തിക ആശ്വാസമാകുന്നു. പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് സംസ്ഥാനത്ത് വില്പന നികുതി. പുറമേ ഒരു രൂപ അധിക വില്പന നികുതിയും ഒരു ശതമാനം സെസുമുണ്ട്. അതായത്,​ പെട്രോൾ ലിറ്രറിന് 76.29 രൂപയ്ക്ക് വിറ്രാൽ 21.47 രൂപ സംസ്ഥാന സർക്കാരിന് കിട്ടും. 70.41 രൂപയ്ക്ക് ഡീസൽ വിൽക്കുമ്പോൾ ലഭിക്കുന്നത് 17.28 രൂപ.

നേരത്തെ പ്രതിമാസം 650 കോടി രൂപയാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില്പനയിലൂടെ സംസ്ഥാനത്തിന് ലഭിച്ചിരുന്നത്. ഇപ്പോൾ,​ കേന്ദ്രം എക്‌സൈസ് നികുതി വർദ്ധിപ്പിച്ചതോടെ 80-90 കോടി രൂപ വരെ അധിക വരുമാനം ലഭിക്കുന്നു. ഒരു വർ‌ഷം ആയിരം കോടി രൂപയെങ്കിലും ഇന്ധനവില വർദ്ധന വഴി കിട്ടും. ലോക്ക്ഡൗണിൽ പെട്രോൾ-ഡീസൽ വില്പന ഇടി‌ഞ്ഞെങ്കിലും പിന്നീട് ഇളവുകൾ വന്നതോടെ,​ വില്പന ഉയർന്നിട്ടുണ്ട്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കേന്ദ്രം പെട്രോൾ വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനം അധിക നികുതി വേണ്ടെന്ന് വച്ചിരുന്നു. എന്നാൽ,​ അത്തരമൊരു ആലോചനയില്ലെന്നാണ് ഇപ്പോഴത്തെ സർക്കാരിന്റെ നിലപാട്.

അതിനിടെ,​ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതത്തിൽ വർദ്ധന ഉണ്ടാവുമെന്നും ഇല്ലെന്നും കേൾക്കുന്നു. പുതിയ വർദ്ധനയോടെ കേന്ദ്ര സർക്കാരിന് 1.60 ലക്ഷം കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. സാധാരണഗതിയിൽ കേന്ദ്ര നികുതി വിഹിതത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്കുള്ളതാണ്. ഇതിൽ 1.9 ശതമാനമാണ് കേരളത്തിന് കിട്ടുക. അതായത് 1,​250 കോടിയെങ്കിലും കേരളത്തിന് കിട്ടും. എന്നാൽ,​ കേന്ദ്രം വർദ്ധിപ്പിച്ചത് എക്സൈസ് നികുതിയല്ലെന്നും അഡിഷണൽ എക്സൈസ് നികുതിയാണെന്നും ഇത് ഡിവിസിബിൾ പൂളിൽ വരില്ലെന്നുമാണ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.