#പ്രതിപക്ഷ നേതാവിന്റെ ഉപവാസത്തിൽ

നിയന്ത്രണം ലംഘിച്ചവർക്കെതിരെ നടപടി

തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ തുടക്കം തൊട്ട് ഇതുവരെ പ്രതിപക്ഷം സ്വീകരിച്ച നിലപാടുകളെയും നടപടികളെയും മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു.

കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തിൽ ശാരീരിക അകലം പാലിച്ചില്ല. ക്യാമറ ഫ്രെയിമിൽ വരാൻ നേതാക്കൾ തമ്മിലിടിച്ചു. കൊവിഡ് പ്രതിരോധ നടപടികൾക്കെതിരായതിനാൽ ഇക്കാര്യത്തിൽ മുഖം നോക്കാതെ ശക്തമായ നടപടിയെടുക്കാൻ പൊലീസിനോട് നിർദ്ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

കെ.പി.സി.സി യോഗം ചേർന്ന് സർക്കാരിനെ കൊവിഡ് പ്രതിരോധത്തിന്റെ ക്രെഡിറ്റ് എടുക്കാൻ അനുവദിക്കരുതെന്ന് തീരുമാനിച്ചവരാണ്. കണ്ടെയ്ൻമെന്റ് മെത്തേഡിൽ നിന്ന് മാറി മിറ്റിഗേഷൻ മെത്തേഡ് സ്വീകരിക്കണമെന്നാണ് നിയമസഭയിൽ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടത്. അമേരിക്കയെയും രാജസ്ഥാനെയും തമിഴ്നാടിനെയും മാതൃകയാക്കണമെന്ന് വാദിക്കുകയും ദൈനംദിന രോഗവ്യാപന വിവരങ്ങൾ ജനങ്ങളോട് പങ്കുവെയ്ക്കുന്നതിനെ 'മീഡിയ മാനിയ' എന്നാക്ഷേപിക്കുകയും ചെയ്തു. ദുരിതാശ്വാസനിധിയിലേക്കുള്ള സഹായം മുടക്കാൻ നോക്കി. ജീവനക്കാരുടെ ശമ്പളത്തിന്റെ വിഹിതം പിന്നീട് നൽകാമെന്ന് തീരുമാനിച്ചപ്പോൾ ഉത്തരവ് കത്തിച്ചു.

വിദേശത്തുനിന്ന് രോഗമുള്ളവരും രോഗമില്ലാത്തവരും ഇടകലർന്ന് വരുന്ന സംവിധാനമുണ്ടാക്കാനും അങ്ങനെ രോഗം പടരുന്ന സാഹചര്യമുണ്ടാക്കാനും വ്യഗ്രത കാട്ടുന്നു.

വാളയാറിൽ പാസ്സില്ലാത്തവരെയെത്തിച്ച് പരിശോധനയില്ലാതെ കേരളത്തിലേക്ക് കടത്തിവിടാൻ ശ്രമിച്ചതിന്റെ ഭാഗമായി നിരപരാധികളായ നൂറു കണക്കിനു പേർ രോഗവ്യാപന ഭീഷണിയിലായി.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ തീരുമാനിച്ചപ്പോൾ വട്ടാണെന്ന് ഒരു നേതാവ് പറഞ്ഞു. ആരാധനാലയങ്ങൾ തുറക്കണമെന്ന് പ്രതിപക്ഷനേതാവും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമെല്ലാം പറഞ്ഞു. ചർച്ച നടത്തി സർക്കാർ തീരുമാനമെടുത്തപ്പോൾ എന്തിനാ തുറന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് ചോദിച്ചു.

സമൂഹവ്യാപനമെന്ന ആശങ്ക നിൽക്കുന്ന ഘട്ടമാണ്. അതൊഴിവാക്കാൻ സാദ്ധ്യമായ വഴികളെല്ലാം തേടുകയാണ്. ആ സംവിധാനത്തിന്റെ പ്രധാന ഭാഗമായ മന്ത്രിയെ അധിക്ഷേപിക്കുന്നത് അതു തകർക്കാനാണ്. അവരെ ഒറ്റ തിരിച്ച് പ്രതിരോധപ്രവർത്തനങ്ങളുടെ താളം തെറ്റിക്കാനാണ് ശ്രമം. ജനം എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു. അവർ തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.