തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾക്ക് സമ്പർക്കം വഴിയുമാണ് രോഗമുണ്ടായത്. ഇന്നലെ രണ്ട് പേർക്ക് രോഗം ഭേദമായി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച ആട്ടോ ഡ്രൈവറുടെ മറ്റൊരു മകൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇയാളുടെ ഭാര്യയ്ക്കും മറ്റൊരു മകൾക്കും വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. 17ന് ഷാർജയിൽ നിന്നെത്തിയ ബാലരാമപുരം ഉച്ചക്കട കുന്നിൻപുറം സ്വദേശി (55), 12ന് കുവൈറ്റിൽ നിന്നെത്തിയ പെരുങ്ങുഴി സ്വദേശി (35), റിയാദിൽ നിന്ന് 13ന് എത്തിയ കല്ലറ സ്വദേശിനി (27),13ന് കുവൈറ്റിൽ നിന്നെത്തിയ പാലോട് പേരയം സ്വദേശി (35) എന്നിവരാണ് ഇന്നലെ രോഗബാധിതരായ മറ്റുള്ളവർ. ഇന്നലെ 535 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 20 പേരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ 482 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 362 പരിശോധന ഫലങ്ങൾ ലഭിച്ചിട്ടുണ്ട്.
ആകെ നിരീക്ഷണത്തിലുള്ളവർ: 19,791
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ: 18,533
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ: 142
കൊവിഡ് സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ: 1116
ഇന്നലെ പുതിയതായി നിരീക്ഷണത്തിലായവർ: 1078