തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 127 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം മൂവായിരം കടന്നു. ഒരുദിവസത്തെ ഏറ്റവും ഉയർന്ന രോഗബാധനിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 3039 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായത്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ ഓരോരുത്തർക്കാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചത്. കൂടാതെ പത്തനംതിട്ടയിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചു. രോഗബാധിതരായതിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയവരാണ്. അതേസമയം ചികിത്സയിലായിരുന്ന 57 പേർ രോഗമുക്തരായി. ഇനി 1452 പേരാണ് ചികിത്സയിലുള്ളത്. 1566 പേർ ഇതുവരെ രോഗമുക്തരായി. 21 പേർ മരിച്ചു.
12ദിവസം 1035രോഗികൾ
സംസ്ഥാനത്ത് കഴിഞ്ഞ 12ദിവസത്തിനിടെ 1035 പേരാണ് രോഗബാധിതരായത്. ഈമാസം എട്ടിനായിരുന്നു രണ്ടായിരം കടന്നത്. അന്ന് രോഗബാധിതർ 2004. ഇന്നലയോടെ 1035 പേരുടെ വർദ്ധനവാണുണ്ടായത്.
തലസ്ഥാനത്ത് സുരക്ഷ കർശനമാക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ കൊവിഡ് ബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ പൊലീസ് പ്രത്യേകം ശ്രദ്ധിക്കും. ബസ് സ്റ്റോപ്പുകളിലും മാർക്കറ്റുകളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മാത്രമായി മൂന്ന് പട്രോളിംഗ് വാഹനങ്ങൾ നിയോഗിച്ചിട്ടുണ്ട്.
മറ്റ് ജില്ലകളിലും സാമൂഹിക അകലം ഉൾപ്പെടെയുളള മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും. ചില കടകളിൽ സാമൂഹിക അകലം പാലിക്കാതെ വലിയ തിരക്കുണ്ട്. മാനദണ്ഡം ലംഘിക്കുന്ന കടകളുടെ പ്രവർത്തനം നിറുത്തിവയ്ക്കും. മാസ്ക് ധരിക്കാത്ത 4929 സംഭവങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. ക്വാറൻറൈൻ ലംഘിച്ച 19 പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.