തിരുവനന്തപുരം: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ ശേഷം ആരോഗ്യം വീണ്ടെടുത്ത ആറു വയസുകാരി ആശുപത്രിയിൽ ജന്മദിനം ആഘോഷിച്ചു. കഴിഞ്ഞയാഴ്ചയാണ് കൊല്ലം സ്വദേശിനിയായ കുട്ടിക്ക് അണലിയുടെ കടിയേറ്റത്. ഉടൻ തന്നെ കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാമ്പുകടിയേറ്റതിനെ തുടർന്ന് കാലിൽ നീർവീക്കം ഉണ്ടാകുന്ന കമ്പാർട്ട്മെന്റ് സിൻഡ്രോം എന്ന ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി.
പുറത്തുനിന്ന് ലഭിച്ച 20 ഡോസ് ആന്റി സ്നേക്ക് വെനം കൂടാതെ 10 ഡോസ് ആന്റി വെനംകൂടി കുട്ടിക്ക് നൽകി. ശസ്ത്രക്രിയയും നടത്തി. കടിയേറ്റ ഭാഗത്തിന് ചുറ്റുമുള്ള കലകൾ നീക്കി. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിൽ ആക്കുന്നതിന് സി.ആർ.ആർ.ടിയും നടത്തി. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിൽ ആയതോടെ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. കാലിലെ മുറിവ് ഭേദമാകാൻ സമയം എടുക്കുമെങ്കിലും ഉടൻ തന്നെ കുട്ടിയെ ഡിസ്ചാർജ് ചെയ്യുമെന്ന് പീഡിയാട്രിക് ഐ.സി.യു ഇൻചാർജ്ജ് ഡോ. പ്രമീള ജോജി പറഞ്ഞു. പീഡിയാട്രിക് ഐ.സി.യു വിഭാഗം ഡോക്ടർമാരായ ഡോ. നീതു , ഡോ. സ്വാതി, ഡോ. നിഷ, ഡോ. ഷിജു കുമാർ, നെഫ്രോളജിസ്റ്റ് ഡോ. പ്രവീൺ, സർജന്മാരായ ഡോ. ഹരിഹരൻ, ഡോ. ഹൃദ്യ എന്നിവരാണ് കുട്ടിയെ ചികിത്സിച്ചത്.