തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അടിയന്തര ഇടപെടൽ നടത്താൻ ആരോഗ്യവകുപ്പ് രൂപീകരിച്ച റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) പ്രവർത്തനരഹിതമായ വിഷയം പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർ വിവിധ തലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നഘട്ടമാണിതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് ശക്തമായ അടിത്തറ പാകിയ ആരോഗ്യവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം ഇരുട്ടിലായെന്ന വാർത്ത ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ഇടപെടലോടെ ടീം വീണ്ടും കാര്യക്ഷമമാകുമെന്ന വിശ്വാസത്തിലാണ് ആരോഗ്യവകുപ്പിലെ ഡോക്ടർമാർ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് ഉൾപ്പെടെ നിർദ്ദേശം നൽകിയിരുന്നത് ആർ.ആർ.ടി ടീമായിരുന്നു.
കേന്ദ്രത്തിൽ നിന്ന് കൊവിഡ് മുന്നറിയിപ്പ് ലഭിച്ചതോടെ, ജനുവരി 24ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ 24മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിരുന്നു. ഇതോടൊപ്പം, ആരോഗ്യമന്ത്രിയുടെ മേൽനോട്ടത്തിൽ ഡയറക്ടർ മുതൽ താഴോട്ട് ഇരുപതോളം വിദഗ്ദ്ധ ഡോക്ടർമാരെ കോർത്തിണക്കിയാണ് ആർ.ആർ.ടി രൂപീകരിച്ചത്. മാർച്ച് മാസം വരെ ടീം കാര്യക്ഷമമായി പ്രവർത്തിച്ചെങ്കിലും ഇപ്പോൾ കൂടിയാലോചനകളില്ല.