തിരുവനന്തപുരം: ജി.എസ്.ടി നിയമപ്രകാരമുള്ള മതിയായ രേഖകളില്ലാതെ കൊല്ലത്തെ വിവിധ ജുവലറികളിലേക്ക് കൊണ്ടുവന്ന 40 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. തൃശൂരിൽ നിന്നുകൊണ്ടുവന്ന 837.49 ഗ്രാം സ്വർണമാണ് ജി.എസ്.ടി കരുനാഗപ്പള്ളി സ്‌ക്വാഡ് നമ്പർ 3 പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ കൊല്ലത്ത് നടത്തിയ പരിശോധനയിൽ നാല് കേസുകളിലായി 1.80 കോടിയുടെ 2860 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചിരുന്നു. ടാക്‌സ്, പെനാൽറ്റി എന്നീ ഇനങ്ങളിൽ 10.73 ലക്ഷം രൂപ ഈടാക്കിയ ശേഷം ആഭരണങ്ങൾ ഉടമകൾക്ക് വിട്ടുനിൽകി. ജി.എസ്.ടി (ഇന്റലിജൻസ്) ജോയിന്റ് കമ്മിഷണർ സി.ജെ. സാബു, ഡെപ്യൂട്ടി കമ്മിഷണർ എച്ച്. ഇർഷാദ് എന്നിവരുടെ നിർദ്ദേശപ്രകാരം, ടാക്‌സ് ഓഫീസർ എസ്.രാജീവിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ ആർ. ഷമിംരാജ്, ബി. രാജേഷ്, എസ്. രാജേഷ് കുമാർ, ടി. രതീഷ്, ബി. രാജീവ്, വി. രഞ്ജിനി, ഇ.ആർ. സോനാജി, പി. ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്.