titanium

തിരുവനന്തപുരം : ഒരുകാലത്ത് ട്രാവൻകൂർ ടൈറ്റാനിയം വോളിബാൾ ടീമിന്റെ നെടുംതൂണായിരുന്ന ഡാനിക്കുട്ടി ഡേവിഡ് കഴിഞ്ഞദിവസം അന്തരിച്ചു. കേരള ടീമിന്റെ ക്യാപ്ടൻ കൂടിയായിരുന്ന ഡാനിക്കുട്ടിക്ക് സംസ്ഥാന പൊലീസ് ബഹുമതികളോടെയാണ് അന്ത്യയാത്ര നൽകിയത്. എന്നാൽ 36 കൊല്ലത്തോളം ടൈറ്റാനിയത്തിൽ ജോലി നോക്കിയ ഡാനിക്കുട്ടിക്ക് ഒൗദ്യോഗിക ജീവിതത്തിൽ ലഭിച്ചത് ഒരേയൊരു പ്രൊമോഷൻ മാത്രമായിരുന്നു. ജൂനിയർ ക്ളർക്കിന് തുല്യമായ സ്റ്റോർസ് അസിസ്റ്റന്റായി ജോലിക്ക് കയറിയ ഡാനിക്കുട്ടി സീനിയർ ക്ളാർക്കായി കഴിഞ്ഞമാസം 30ന് വിരമിച്ചു.

ഇത് ഡാനിക്കുട്ടിയുടെ മാത്രം കഥയല്ല. 30 കൊല്ലത്തോളമായി ടൈറ്റാനിയത്തിൽ ജോലി നോക്കുന്ന കായികതാരങ്ങൾക്ക് മറ്റു സ്ഥാപനങ്ങളിലെന്നപോലെ പ്രമോഷനുകൾ ലഭിച്ചിട്ടില്ല. സ്പോർട്സ് ക്വാട്ടയിൽ നിയമനം നേടിയവർക്ക് ശേഷം സ്ഥാപനത്തിൽ ജോലിക്ക് കയറിയവർ കൃത്യസമയത്ത് സ്ഥാനക്കയറ്റം നേടിപ്പോകുന്നുണ്ട്.

കായിക താരങ്ങൾ ടീമിനുവേണ്ടി കളിക്കുന്ന കാലത്ത് പ്രൊമോഷന് പരിഗണിക്കേണ്ടതില്ലെന്ന മുൻ മാനേജ്മെന്റുകളുടെ നയമാണ് ഇവർക്ക് തിരിച്ചടിയായത്. കളിനിറുത്തിയശേഷമുള്ള കാലമേ പ്രമോഷനായി പരിഗണിക്കാറുള്ളു. അതിലും പലർക്കും അർഹമായ സ്ഥാനക്കയറ്റം ലഭിക്കാറുമില്ല.

പണ്ട് കാലത്ത് ഫുട്ബാളിലും വോളിബാളിലുമൊക്കെ ആരാധകർ ഏറ്റവും കൂടുതലുണ്ടായിരുന്ന ടീമായിരുന്നു ടൈറ്റാനിയത്തിന്റേത്. ഇന്ത്യയിലെ ഒട്ടുമിക്ക ടൂർണമെന്റുകളിലേക്കും ക്ഷണം കിട്ടുന്നത് ടൈറ്റാനിയത്തിനായിരുന്നു. അതുകൊണ്ടുതന്നെ പൊലീസിലും കസ്റ്റംസിലും ഫുഡ് കോർപ്പറേഷനിലുമൊക്കെ കിട്ടിയ ജോലി വേണ്ടെന്ന് വച്ച് കൂടുതൽ കളിക്കാനുള്ള അവസരങ്ങൾ തേടി ടൈറ്റാനിയത്തിലേക്ക് വന്നവരാണ് ഇൗ ഭാഗ്യദോഷത്തിന് ഇരയായത്. ഡാനിക്കുട്ടിക്കൊപ്പം കളിച്ചിരുന്നവരിൽ പലരും ടൈറ്റാനിയം വിട്ട് കേരള പൊലീസിലും മറ്റും പോയിട്ടുണ്ട്. അവർ ഉയർന്ന പദവികളിൽ ഇരുന്നാണ് വിരമിച്ചത്. ടൈറ്റാനിയത്തിലാകട്ടെ പ്രൊമോഷൻ കിട്ടാതെവരികയും വിരമിച്ചുകഴിഞ്ഞാൽ പി.എഫ് പെൻഷനെന്ന നാമമാത്രമായ തുകയിൽ ജീവിക്കേണ്ടിയും വരുന്നു.

'സ്പോർട്സ് ക്വാട്ടയിൽ ജോലിക്ക് കയറിയവർക്ക് അർഹമായ, നിയമപരമായ സ്ഥാനക്കയറ്റം നൽകും. കഴിഞ്ഞ ബോർഡ് യോഗത്തിൽ ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്തു. സർക്കാർ നിർദ്ദേശത്തിനായി റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്."

എ.എ. റഷീദ്

ചെയർമാൻ

ട്രാവൻകൂർ ടൈറ്റാനിയം.