തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിനെതിരായ നീക്കം ശക്തമാക്കാൻ എല്‍.ഡി.എഫ്. . മുല്ലപ്പള്ളിയെ വഴിയില്‍ തടയുന്നത് ഉള്‍പ്പെടെയുള്ള നടപടികൾക്ക് യുവജന–വനിതാ സംഘടനകള്‍ക്ക് സി.പി.എം നിര്‍ദേശം നല്‍കി.
പ്രതിപക്ഷ നീക്കങ്ങള്‍ പൊളിച്ചുകാട്ടാന്‍ പ്രചാരണം ഊര്‍ജിതമാക്കാന്‍ ജില്ലാ ഘടകങ്ങള്‍ക്ക് ഇടതുമുന്നണി നിര്‍ദേശം നല്‍കി. കൊവിഡ് പ്രതിരോധത്തെ തകര്‍ക്കാനും കേരളത്തെ ആക്ഷേപിക്കാനും ആരോഗ്യമന്ത്രിയെ അധിക്ഷേപിക്കുന്നു എന്നതാകും ഇടതുമുന്നണി ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രാവാക്യം.
പ്രവാസികളാകെ സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ ഉപവാസവുമായി പ്രതിപക്ഷനേതാവ് എത്തിയത് രാഷ്ട്രീയ വിജയമുണ്ടാക്കാമെന്ന ലക്ഷ്യം കൂടി മനസില്‍വച്ചായിരുന്നു. പക്ഷെ മുല്ലപ്പള്ളിയുടെ പ്രസ്താവനയോടെ എല്ലാം തകിടം മറിഞ്ഞു. ഇടതുപക്ഷത്തിന് ജീവവായു തിരിച്ചുകിട്ടി. മുല്ലപ്പള്ളിയുടെ മാപ്പു പറച്ചില്‍ ആവശ്യപ്പെട്ട് ഇന്നു മുതല്‍ ഇടതുപക്ഷം സമരം ശക്തമാക്കും.