covid-19

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടോയെന്നറിയാന്‍ ഐ.സി.എം.ആര്‍ കേരളത്തില്‍ ആയിരത്തി ഇരുന്നൂറുപേരില്‍ നടത്തിയ സര്‍വേയില്‍ നാലുപേര്‍ക്ക് പോസിറ്റീവ്. രോഗബാധ കണ്ടെത്തിയ പഞ്ചായത്തുകളുടെ വിശദാംശങ്ങള്‍ ഐ.സി.എം.ആറിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ പഞ്ചായത്തുകളില്‍ കൂടുതല്‍ പേരില്‍ ആന്‍റി ബോഡി പരിശോധന നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ വ്യക്തമാക്കി.

വൈറസ് ബാധിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ശരീരം ഉത്പാദിപ്പിക്കുന്ന ആന്‍റിബോഡിയുടെ സാന്നിദ്ധ്യമാണ് പരിശോധിച്ചത്. പോസിറ്റീവ് എന്നു കണ്ടെത്തിയവര്‍ക്ക് മുമ്പ് രോഗം ബാധിച്ച് സുഖപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ഓരോ ജില്ലകളിലും പത്തുപ്രദേശങ്ങളില്‍ 40 പേരില്‍ വീതമായിരുന്നു പരിശോധന. ആദ്യഘട്ടത്തിലെ രോഗബാധിതരുമായി ഇവര്‍ക്ക് ബന്ധമുണ്ടാകാമെന്നും ആശങ്കപ്പെടേണ്ടെതില്ലെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

സംസ്ഥാനം നടത്തിയ ആന്‍റിബോഡി പരിശോധന ഫലം പുറത്തുവിട്ടിട്ടില്ലെങ്കിലും അപായകരമായൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. എന്നാല്‍ ഉറവിടമറിയാത്ത രോഗബാധ കൂടിവരുമ്പോള്‍ 1200 ല്‍ നാല് പേര്‍ക്ക് പോസിറ്റീവായതും അതീവ ഗൗരവത്തോടെ കാണണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.

ഐ.സി.എം.ആറിന്‍റെ രാജ്യവ്യാപക സര്‍വേയുടെ ഭാഗമായുളള പരിശോധന നടന്നത് തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലെ 400 പേരില്‍ വീതമാണ്. തൃശൂരില്‍ മൂന്നുപേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കുമാണ് പോസിറ്റീവ് എന്ന് കണ്ടെത്തിയിരിക്കുന്നത്. പാലക്കാട് ആര്‍ക്കും രോഗബാധ കണ്ടെത്തിയില്ല. രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്തവരിലാണ് പരിശോധന നടത്തിയത്.