ഇടുക്കി: ഇടുക്കി അണക്കെട്ട് ഈ മാസം തുറക്കേണ്ടി വരില്ലെന്ന് വിദഗ്ദ്ധർ. കാലവർഷം ദുർബലമായതോടെയാണ് ഡാം തുറക്കണമെന്ന ആശങ്ക ഒഴിവായത്. റൂൾ കർവിനേക്കാൾ 42 അടി കുറവാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. നിലവിൽ ഡാമിലെ ജലനിരപ്പ് 2,331 അടിയാണ്.
മൂലമറ്റത്തെ തകരാറിലായ ഒരു ജനറേറ്റർ നന്നാക്കി വൈദ്യുതോൽപാദനം കൂട്ടിയതും ജലനിരപ്പ് താഴ്ത്തി. ആറ് ജനറേറ്ററുകളുള്ളതിൽ നാലെണ്ണമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇതിൽ നിന്ന് ശരാശരി 97 ലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉത്പാദിപ്പിക്കുന്നു. കഴിഞ്ഞ മാസം വരെ 80 ലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമായിരുന്നു പ്രതിദിന ഉത്പാദനം. ജൂൺ 30 വരെ അണക്കെട്ടിൽ 7-0 ശതമാനം വെള്ളം വരെ സംഭരിക്കാനാണ് കേന്ദ്രജലകമ്മീഷന്‍റെ നിർദേശം. എന്നാൽ നിലവിൽ 31 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.
കേന്ദ്ര ജലകമ്മീഷന്‍റെ റൂൾ കർവ് അനുസരിച്ച് നിലവിൽ ജലനിരപ്പ് 2,373 അടിയിൽ എത്തിയിരുന്നെങ്കിൽ ഇടുക്കി ഡാം തുറക്കേണ്ടിയിരുന്നു. കഴിഞ്ഞ ജൂൺ ഒന്നിന് 2,338 അടിയായിരുന്നു ജലനിരപ്പ്. കാലവർഷം ശക്തമായിരുന്നെങ്കിൽ 20 ദിവസത്തിനുള്ളിൽ 25 അടി വെള്ളം ഉയരാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. ഇത് മുൻനിർത്തിയാണ് റൂൾ കർവ് പുറത്തിറക്കിയത്. എന്നാൽ കാലവർഷം ദുർബലമായതോടെ ഈ ആശങ്ക ഒഴിഞ്ഞു. അഞ്ച് മില്ലി മിറ്റർ മഴ മാത്രമാണ് കഴിഞ്ഞ ദിവസം ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ലഭിച്ചത്.