sisiter-lini

കോഴിക്കോട്: മുല്ലപ്പള്ളിക്കെതിരായി നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കൂത്താളി പ്രാഥമികാരോ​ഗ്യകേന്ദ്രത്തിലേക്ക് മാ‍ർച്ച് നടത്തുകയും, ആരോ​ഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്തതിനാണ് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്.

ഡി.സി.സി സെക്രട്ടറി മുനീർ എരവത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് രാജൻ മരുതേരി അടക്കമുള്ളവർക്കെതിരെ പെരുവണ്ണാമുഴി പൊലീസാണ് കേസെടുത്തത്. കൂത്താളി പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് നടപടി.

ആരോ​ഗ്യമന്ത്രി കെ.കെ ശൈലജയെ കൊവിഡ് റാണിയെന്നും, നിപ രാജകുമാരിയെന്നും വിശേഷിപ്പിച്ച കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രസ്താവനയ്ക്കെതിരെ നേരത്തെ സജീഷ് രം​ഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സജീഷ് ജോലി ചെയ്യുന്ന ആരോ​ഗ്യ കേന്ദ്രത്തിലേക്ക് യൂത്ത് കോൺ​ഗ്രസ് മാ‍ർച്ച് നടത്തിയത്.