kseb-

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കെ സംസ്ഥാനത്ത് ഉപഭോക്താക്കൾക്ക് ഓൺലൈൻ ആപ്പുമായി കെ.എസ്.ഇ.ബി. സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിന്റെ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് ഓഫീസുകളിൽ നേരിട്ട് പോകാതെ വീട്ടിലിരുന്ന് അപേക്ഷിക്കാനുള്ള സംവിധാനമാണ് ഓൺലൈൻ ബുക്കിംഗ് ആപ്പിലൂടെ സജ്ജമാകുന്നത്.

കൊവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെക്‌ഷനുകളിലെ തിരക്ക്‌ ഒഴിവാക്കുകയാണ്‌ ലക്ഷ്യം. കെ.എസ്‌.ഇ.ബിയുടെ ഓൺലൈൻ സൈറ്റിലാണ്‌ ബുക്കിംഗ് സൗകര്യം. ജില്ല, സെക്‌ഷൻ ഓഫീസ്‌ എന്നിവിടങ്ങളിൽ ഒരോ ആവശ്യങ്ങൾക്കും സമീപിക്കേണ്ട ജീവനക്കാരുടെ വിവരവും ഇതിലുണ്ട്‌. ഇതിനു പുറമെ സേവനം ലഭ്യമാകുന്ന തീയതി, സമയം തുടങ്ങിയ വിവരങ്ങളും നൽകും.

ഉപയോക്താവിന്‌ തീയതിയും സമയവും തിരഞ്ഞെടുക്കാം. അപേക്ഷ നൽകുന്ന സമയം തന്നെ സെക്‌ഷൻ ഓഫീസിലും, ഉത്തരവാദിത്തപ്പെട്ട ജീവനക്കാർക്കും വിവരം ലഭിക്കും. സമയവും തീയതിയും സഹിതം ഓൺലൈൻ ടോക്കണും നൽകും. സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് ഐടി വിഭാഗത്തിന്റെ നേതൃത്വത്തിലാണ്‌ ബുക്കിംഗ് സംവിധാനം തയ്യാറാക്കുന്നത്‌. ഓൺലൈൻ ബുക്കിംഗിനായി പ്രത്യേക മൊബൈൽ ആപ്പും ഐ.ടി വിഭാഗം തയ്യാറാക്കുന്നുണ്ട്‌. ജൂലായോടെ ആപ്പ് നിലവിൽ വരും.