uthra

കൊല്ലം: സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഒരാളെ കൊല്ലാന്‍ പാമ്പിനെ ആയുദ്ധമാക്കുകയും വില്‍ക്കുകയും ചെയ്‌തെന്ന കേസിലാണ് വനംവകുപ്പ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു എന്ന സ്ഥിരീകരണത്തിനായാണ് ഈ നടപടി.

സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോള്‍ അസഭ്യവര്‍ഷത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറാനും ശ്രമമുണ്ടായി. എന്നാല്‍ സൂരജുമായി ഉദ്യോഗസ്ഥര്‍ വേഗം വീടിനകത്തേക്ക് കയറി. തുടര്‍ന്ന് ഉത്രയെ കൊലപ്പെടുത്തിയ കിടപ്പുമുറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സൂരജ് എല്ലാകാര്യങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.

രാവിലെ പത്ത് മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. സൂരജിനെതിരേ ആക്രമണമുണ്ടായേക്കാനുള്ള സാദ്ധ്യതയെ തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിയെ എത്തിക്കുന്നതിന് മുമ്പ് തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉത്രയുടെ വീടിന് മുന്നില്‍ നിലയുറപ്പിച്ചു.

ഉത്രയെ ആദ്യം കടിപ്പിച്ച് കൊല്ലാനുപയോഗിച്ച അണലിയെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. അണലിയെ ചാക്കിലാക്കി വലിച്ചെറിഞ്ഞുവെന്നാണ് സൂരജ് നൽകിയ മൊഴി. വലിച്ചെറിഞ്ഞ അണലി ചാകാന്‍ സാധ്യത കുറവാണെന്നാണ് വിദഗ്ദ്ധര്‍ പറഞ്ഞിട്ടുള്ളത്.