തിരുവനന്തപുരം- കഴിഞ്ഞ ഒരാഴ്ചയ്ക്കകം രണ്ട് അപകടങ്ങളിലായി മൂന്നുപേർ മരണപ്പെട്ട ആറ്റിങ്ങലിൽ , പൊലീസ് റോഡ് സുരക്ഷാ നടപടികൾ ശക്തമാക്കിയതിന് പിന്നാലെ വീണ്ടും അപകടം. ദേശീയപാതയിൽ ആറ്റിങ്ങൽ മാമം പാലത്തിന് സമീപം ഇന്ന് പുലർച്ചെ കാറും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എസ്.ഐയ്ക്ക് പരിക്കേറ്റു. കേരള ആംഡ് ബറ്റാലിയൻ നാലിൽ എസ്.ഐയായ സാംബശിവനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ മാമം പാലത്തിന് സമീപമായിരുന്നു അപകടം.
കൊല്ലത്ത് നിന്ന് കഴക്കൂട്ടം ചന്തവിളയിലേക്ക് കാറിൽ വരികയായിരുന്നു സാംബശിവൻ. സാംബശിവൻ ഓടിച്ചിരുന്ന കാർ കൊല്ലത്തേക്ക് കവർ പാലുമായി പോയ ടാങ്കറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സാംബശിവനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മംഗലപുരത്ത് പോയശേഷം കൊല്ലത്തേക്ക് മടങ്ങിയ യുവാക്കൾ സഞ്ചരിച്ച കാർ ലോറിയുമായി ഇടിച്ച് കല്ലുവാതുക്കൽ സ്വദേശികളായ രണ്ട് യുവാക്കൾ മരണപ്പെടുകയും നാലുപേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ദേശീയപാത വീതികൂട്ടൽ ജോലി നടക്കുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന ടിപ്പറിൽ മറ്റൊരു ടിപ്പറിടിച്ച് തമിഴ്നാട് സ്വദേശിയായ ലോറി ക്ളീനറും ഇവിടെ മരണപ്പെട്ടിരുന്നു.
റോഡ് വീതികൂട്ടൽ ജോലികൾക്കിടെ ഗതാതഗതകുരുക്കും അപകടങ്ങളും പതിവായ ഇവിടെ ദക്ഷിണമേഖലാ ട്രാഫിക് പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പൊലീസ്, പൊതുമരാമത്ത് , നഗരസഭാ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് അപകടനിവാരണത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും അമിതവേഗവും നിയമ ലംഘനങ്ങളും തടയാൻ വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്നലെ രാത്രി എസ്.ഐയുടെ കാർ അപകടത്തിൽപ്പെട്ടത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തിൽ പൊലീസ് അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.