rahul-gandhi

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങൽ മോദിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരിഹാസം. ചൈനീസ് പ്രീണന നയമാണ് ഇന്ത്യയുടേതെന്ന ജപ്പാൻ ടൈംസ് വാർത്ത പങ്കുവെച്ചാണ് രാഹുൽ മോദിയെ കടന്നാക്രമിച്ചത്. എന്നാൽ കോൺഗ്രസ് ഭരണകാലത്താണ് ഇന്ത്യയെ ചൈനയ്ക്ക് അടിയറവുവെച്ചതെന്ന് ബി.ജെ.പി എംപി മീനാക്ഷി ലേഖി തിരിച്ചടിച്ചു.

ജപ്പാൻ ടൈംസ് എന്ന മാദ്ധ്യമത്തിലെ ആർട്ടിക്കിൾ ടാഗ് ചെയ്താണ് രാഹുൽ ട്വീറ്റ് ചെയ്തത്. ശരിക്കും അങ്ങനെതന്നെയോ, കീഴടങ്ങിയ മോദിയെന്ന് രാഹുൽ പരിഹസിച്ചു. സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതിൽ വ്യക്തത വരുത്തി കേന്ദ്രം കുറിപ്പിറക്കിയതിനു പിന്നാലെയാണ് രാഹുൽ വിമർശനവുമായി രംഗത്തെത്തിയത്.

ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തുവെന്നാണ് കേന്ദ്രം പറഞ്ഞത്. യഥാർഥ നിയന്ത്രണരേഖ ലംഘിച്ചതുമായി ബന്ധപ്പെട്ട് ജൂൺ‌‍ 15ന് ഗൽവാനിൽ അക്രമങ്ങൾ ഉണ്ടായതായി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.