kshethratthinu-sameepatth

കല്ലമ്പലം: കാലവർഷങ്ങൾ വരും പോകും, റോഡുകൾ പണിയും പൊളിഞ്ഞവ വീണ്ടും പണിയും. എന്നാൽ വടക്കോട്ട്‌കാവിലെ വെള്ളക്കെട്ടിന് മാത്രം പരിഹാരമില്ലെന്ന് നാട്ടുകാർ പറയുന്നു. കരവാരം പഞ്ചായത്തിലെ തോട്ടയ്ക്കാട് വടക്കോട്ട്‌കാവ്‌ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപത്തെ വെള്ളക്കെട്ടിനാണ് ശാശ്വത പരിഹാരമില്ലാത്തത്. നിത്യേന നിരവധി ഭക്തരും കാൽനടയാത്രികരും ആശ്രയിക്കുന്ന റോഡിനാണ് ഈ ദുർഗതി. ക്ഷേത്രത്തിന് സമീപത്തു കൂടി കടന്നു പോകുന്ന റോഡ്‌ അയ്യപ്പൻ കോണം വഴി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കുള്ള റോഡിൽ ഒത്തുചേരുന്നു. അശുപത്രിയിലേക്ക് പോകുന്നവരും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. കാൽനടയാത്രികർക്ക് വെള്ളക്കെട്ടിൽ നിന്നും രക്ഷനേടാൻ നാട്ടുകാർ കട്ടകൾ കൊണ്ടിട്ട് നടന്നുപോകാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാലും വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം ക്ഷേത്രത്തിലേക്ക് അടിച്ചു കയറുന്നുണ്ട്. നടന്നുപോകുന്നവരുടെ ദേഹത്ത് ചെളിവെള്ളം വീഴുന്നതും, വാഹനങ്ങൾ ചെളിയിൽ പുതയുന്നതും പതിവാണ്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തി നാട്ടുകാരുടെ ദുരിതമകറ്റാൻ അധികൃതരുടെ ഭാഗത്ത് നടപടിയുണ്ടാകണമെന്നാവശ്യം ശക്തമാണ് .