shibu-s-nair-

തിരുവനന്തപുരം: സ്വർണം പണയത്തിന് പണം കടമെടുത്ത് മടങ്ങിയ വീട്ടമ്മയിൽ നിന്ന് പണം തട്ടിയെടുത്ത് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച തട്ടിപ്പുകാരൻ പിടിയിൽ. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ കാഞ്ഞിരംകുളം ചാവടി മണൽതട്ട് കാനാൻ കോട്ടേജിൽ ഷിബു എസ്.നായരാണ് (42) അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ പനച്ചമൂട് പുളിമൂട് ജംഗ്ഷന് സമീപത്തുവെച്ച് വേങ്കോട് സ്വദേശിയായ വീട്ടമ്മയുടെ കൈയിൽനിന്നാണ് പണം കവർന്നത്.

പനച്ചമൂട്ടിലെ സ്വകാര്യ പണമിടപാട് കേന്ദ്രത്തിൽനിന്ന് സ്വർണം പണയംവെച്ചിട്ട് പുറത്തിറങ്ങി നടക്കുമ്പോഴാണ് ബൈക്കിലെത്തിയ മോഷ്ടാവ് പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ചത്. പണമടങ്ങിയ ബാഗുമായി ബൈക്കോടിച്ച് പോകാൻ ശ്രമിച്ചെങ്കിലും വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിടികൂടി വെള്ളറട പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സുവിശേഷകനായി പ്രവർത്തിച്ചിരുന്ന ഇയാൾ ഒട്ടേറെ മോഷണക്കേസുകളിലും തട്ടിപ്പ് കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വീടുനിർമ്മാണത്തിന് വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞും ചികിത്സാ സഹായം വാഗ്ദാനം ചെയ്തും പലരിൽനിന്നും പണം തട്ടിയെടുത്ത കേസിൽ ഷിബു പ്രതിയാണെന്ന് വെള്ളറട പൊലീസ് പറഞ്ഞു. ഏതാനും മാസം മുമ്പ് വരെ ജയിലിലായിരുന്ന ഇയാൾ പുറത്തിറങ്ങി വീണ്ടും മോഷണം നടത്തവേയാണ് പിടിക്കപ്പെട്ടത്. മോഷണത്തിനുപയോഗിച്ച ബൈക്കിനെപ്പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ഷിബുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.