ddd

നെയ്യാ​റ്റിൻകര: നഗരസഭയുടെയും പെരുങ്കടവിള പഞ്ചായത്തിന്റെയും അതിർത്തിയായ ഇളവനിക്കരയിലൂടെ ഒഴുകുന്ന നെയ്യാറാലെ ഈരാറ്റിൻപുറം ടൂറിസം പദ്ധതി കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലേക്ക് കയറിക്കൂടാൻ നോക്കിയിട്ട് കാലമേറെയായി. നെയ്യാർ പാറക്കൂട്ടങ്ങളിൽ തട്ടി രണ്ടായി പിളർന്ന് ഒഴുകുന്ന നദി പ്രകൃതി മനോഹാരിതയുടെ നേർക്കാഴ്ചയാണ് ഈരാറ്റിൻപുറം കാഴ്ചക്കാർക്കായി ഒരുക്കുന്നത്. ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കണമെന്നുള്ളത് പതി​റ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ്. കെ. ആൻസലൻ എം.എൽ.എയുടെ ശ്രമഫലമായി സർക്കാർ 2.66 കോടി രൂപ അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ നടപടികളും പൂർത്തിയാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇവിടെ പണിയുന്ന തൂക്കുപാലത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ചു. എന്നിട്ടും വെട്ടം കാണാതെ പോയി. ഈരാ​റ്റിൻപുറം വിനോദസഞ്ചാര പദ്ധതി വളരെക്കാലമായി നഗരസഭ ബഡ്ജ​റ്റുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു വാഗ്ദാനം മാത്രമായി തുടരുകയാണ്. ഇപ്രാവശ്യത്തെ ബഡ്ജ​റ്റിലും പദ്ധതി ഇടം പിടിച്ചു. പദ്ധതി യാഥാർത്ഥ്യമായേക്കും എന്നതിന്റെ ആദ്യഘട്ടമായി ടൂറിസം ജോയിന്റ് ഡയറക്ടർ, പ്രോജക്ട് എൻജിനിയർ എന്നിവർ പദ്ധതി പ്രദേശം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് നൽകിയിട്ടും ഫലമുണ്ടായില്ല. നിർദിഷ്ട ടൂറിസം പദ്ധതി യാഥാർത്ഥ്യമായാൽ ഇവിടേക്ക് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും എത്താൻ മികച്ച റോഡുകൾ നിലവിലുണ്ട്. പദ്ധതി യാഥാർത്ക്കിലോമീറ്റർ സഞ്ചരിച്ചാൽ ഈരാറ്റിൻപുറത്തെത്താം.

 ഈരാറ്റിൻപുറം ടൂറിസം പദ്ധതിക്കായി അനുവദിച്ചത് - 2.66

പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്

നദിയിൽ രൂപപ്പെട്ട ചെറുദ്വീപുകളിലെ നവീകരണം

കുട്ടികൾക്കുള്ള പാർക്ക്

തൂക്കുപാലം

ട്രീഹൗസ്

നടപ്പാലം

പാർക്കിംഗ് യാർഡ്

കോഫിഹൗസ്

 പദ്ധതി പ്രാവർത്തികമായാൽ

പണിപൂർത്തിയാകുന്നതോടെ ഈരാ​റ്റിൻപുറം ടൂറിസം ഓണം വാരാഘോഷങ്ങൾക്കുള്ള സ്ഥിരംവേദിയുമാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. പരിസ്ഥിതിക്ക് കോട്ടംതട്ടാതെയുള്ള നിർമാണ പ്രവർത്തനം ഈ ഗ്രാമത്തെ വിനോദസഞ്ചാര മേഖലയിലെ ശ്രദ്ധാകേന്ദ്രമാക്കി മാ​റ്റുമെന്നാണ് അധികൃതർ നൽകിയിരുന്ന വാഗ്ദാനം. പദ്ധതി പ്രാവർത്തികമായാൽ തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്കും തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തേക്കുമുള്ള വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകും. ശിവഗിരി തീർത്ഥാടന നാളുകളിൽ അരുവിപ്പുറത്തേക്ക് പ്രവഹിക്കുന്ന ഭക്തജനങ്ങൾ ഇവിടേക്കും എത്തുമെന്ന് കരുതപ്പെട്ടിരുന്നു. നെയ്യാർഡാം, പേപ്പാറ, തൃപ്പരപ്പ് തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളലേക്ക് പോകുന്നവരുടെ ഇടത്താവളമായും ഇവിടം മാറും. ഈരാ​റ്റിൻപുറത്തിന്റെ വികസനത്തിനായി എം.പി ഫണ്ടിൽനിന്ന് തുക അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.