മുടപുരം: 10 വർഷത്തിലേറെയായി പ്രവർത്തനം നിലച്ച അഴൂർ സാമൂഹ്യ ക്ഷേമ കേന്ദ്രത്തിൽ പകൽവീടോ വൃദ്ധസദനമോ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അഴൂർ ഗ്രാമ പഞ്ചായത്തിൽ അഴൂർ കാട്ടിൽ ചരുവിള കോളനിക്ക് സമീപം റെയിൽവേ ലൈനിനോട് ചേർന്ന് കിടക്കുന്ന 25 സെന്റ് സ്ഥലവും വലിയ ഒരു കെട്ടിടവും ഇപ്പോൾ അനാഥമായി കിടക്കുകയാണ്. 1955 ൽ സാമൂഹിക ക്ഷേമ ബോർഡിന്റെ കീഴിൽ നഴ്സറിയും മിഡ്‌വൈസറിയും ഇവിടെ പ്രവർത്തനം ആരംഭിച്ചു. സ്ത്രീ മഹിളാ സമാജമാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. നഴ്സറി ടീച്ചർ, മിഡ് വൈഫ്, ആയ എന്നീ ജീവനക്കാർ ഇവിടെ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ ധനസഹായത്താലാണ് ഇവർക്ക് ശമ്പളം നൽകിയിരുന്നത്. അന്ന് നഴ്സറിയിൽ 50 കുട്ടികൾ വരെ ഉണ്ടായിരുന്നു. അങ്കണവാടികളോ പ്രീപ്രൈമറി സ്കൂളുകളോ അന്നുണ്ടായിരുന്നില്ല. പ്രാഥമികാരോഗ്യകേന്ദ്രവും അന്നില്ല. അതിനാൽ ഗർഭിണികൾക്ക് ഇവിടെ നിന്നും മരുന്നും പരിചരണവും ലഭിച്ചിരുന്നു. ഗർഭിണികളുടെ വീടുകളിൽ മിഡ് വൈഫ് ചെല്ലുകയും പ്രസവ രക്ഷാ പ്രവർത്തനം നടത്തുകയും ചെയ്തിരുന്നു. അക്കാലത്ത് വീടുകളിലായിരുന്നു പ്രസവങ്ങൾ ഏറെയും നടന്നിരുന്നത്. പതിച്ചി എന്ന മിഡ് വൈഫ് ആണ് പ്രസവങ്ങൾ എടുത്തിരുന്നത്. എന്നാൽ കാലക്രമത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥാപിക്കുകയും ഡോക്ടറുടെ സേവനം ലഭിക്കുകയും അങ്കണവാടികളും പ്രീപ്രൈമറി സ്കൂളുകൾ വരികയും ചെയ്തതോടെ അഴൂരിലെ മിഡ് വൈസറി സെന്ററിന്റേയും അങ്കണവാടിയുടെയും പ്രവർത്തനം നിർജ്ജീവമായി.
അഴൂർ വിജയൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ നിവേദനത്തെ തുടർന്ന് അഡ്വ. വി. ജോയി അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന 1995 -2000 വർഷങ്ങളിൽ പഞ്ചായത്തിന്റെ ധനസഹായത്തോടെ നഴ്സറി പുനരാരംഭിച്ച് പ്രവർത്തിച്ചെങ്കിലും പിന്നീട് വീണ്ടും പ്രവർത്തനം നിലക്കുകയുണ്ടായി. അതിനാൽ ഈ സ്ഥലവും കെട്ടിടവും പാഴാക്കി കളയാതെ ഇവിടെ വൃദ്ധ സദനമോ പകൽവീടോ നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.