വെഞ്ഞാറമൂട്: സംസ്ഥാന പാതയിൽ കാരേറ്റ് ജംഗ്ഷന് സമീപത്ത് കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാട്ടുചന്ത പേരൂർ കൊടിവിള വീട്ടിൽ അനിൽകുമാർ (35)നാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10 നായിരുന്നു അപകടം. പുറകിലൂടെ വരികയായിരുന്ന കാർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീണാണ് അനിൽകുമാറിന് കാലിന് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാർ സമീപത്തെ സുരക്ഷാവേലി തകർത്ത് നിന്നു. അനിൽകുമാറിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.