ramesh-chennithala-

തിരുവനന്തപുരം: കൊവിഡിൽ രാഷ്ട്രീയം പറയരുതെന്നാണ് താത്പര്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിരോധ പ്രവർത്തനങ്ങളിൽ യു.ഡി.എഫ് പ്രവർത്തകർ സജീവമായിരുന്നു. ഓരോ ഘട്ടത്തിലും രാഷ്ട്രീയം കളിക്കുകയാണ് സർക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ച നടപടി. ആശ്വാസ നടപടികൾ സർക്കാരിന്‍റേതാണെന്ന് വരുത്തി തീർക്കാനുളള നടപടികളാണ് സ്വീകരിച്ചത്. ഓരോ നടപടിയിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. ഏത് പ്രവർത്തനത്തിലാണ് പ്രതിപക്ഷം തുരങ്കം വച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

കൊവിഡ് കാലത്ത് സർക്കാരിന് നിർദേശങ്ങൾ സമർപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. അതിൽ പലതും സർക്കാർ അംഗീകരിച്ചു. എന്നാൽ പല കാര്യത്തിലും സർക്കാർ സ്വീകരിക്കാത്ത നടപടികൾ കൊവിഡ് പ്രവർത്തനങ്ങൾക്ക് തുരങ്കം വച്ചിട്ടുണ്ട്. പ്രളയഫണ്ട് കയ്യിട്ടുവാരിയതെന്ന് മുഖ്യമന്ത്രിക്കറിയാം. സർക്കാരിന്‍റേത് ഭിന്നിപ്പിക്കൽ നയമാണ്. യോജിച്ച അന്തരീക്ഷം നഷ്‌ടപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രവാസികൾ അവിടെ കിടന്ന് മരിക്കട്ടെയെന്നാണ് സർക്കാർ നിലപാടെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് മറുനാടൻ മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നും ആരോപിച്ചു. കേന്ദ്രത്തോട് ഒരു ട്രെയിൻ പോലും ആവശ്യപ്പെടാത്ത സർക്കാർ മലയാളികൾ നാട്ടിലേക്ക് വരാനായി ഒരു ബസ് പോലും വിട്ടുനൽകില്ല. മുഖ്യമന്ത്രി സൈബർ പോരാളികളുടെയും ഗുണ്ടകളുടെയും നിലവാരത്തിലേക്ക് തരംതാഴാൻ പാടില്ലായിരുന്നു.

പമ്പ മണൽവാരലിലെ തട്ടിപ്പും സ്പ്രിൻക്ലർ അഴിമതിയും പുറത്തു കൊണ്ടുവന്നതിന്‍റെ അമർഷമാണ് മുഖ്യമന്ത്രിക്ക്. ഹെലികോപ്‌ടർ ഇടപാടും വൈദ്യുതി ചാർജിലെ കൊള്ളയടിയും പുറത്തുകൊണ്ടുവന്നതിന്‍റെ അമർഷമാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല ആരോപിച്ചു. കള്ളനെ കയ്യോടെ പിടികൂടുമ്പോഴുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്കെന്നും അദേഹം പറഞ്ഞു.

കേരളത്തിന്‍റെ മുഖ്യമന്ത്രി നടത്തിയ പദപ്രയോഗങ്ങൾ പോലുള്ളവ കേരള രാഷ്ട്രീയത്തിൽ മറ്റാരും ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ ചെന്നിത്തല പിണറായിയുടെ പദപ്രയോഗങ്ങൾ എണ്ണിയെണ്ണി കുറ്റപ്പെടുത്തി.മന്ത്രിസഭാംഗങ്ങളും ഇടത് നേതാക്കളും പറഞ്ഞ സ്ത്രീകൾക്കെതിരായുള്ള പദപ്രയോഗങ്ങളും ചെന്നിത്തല ചൂണ്ടിക്കാട്ടി. കായംകുളം എം.എൽ.എ മാദ്ധ്യമപ്രവർത്തകർക്കെതിരെ നടത്തിയ പരമാർശവും എം.സി ജോസഫൈൻ നടത്തിയ പരമാർശങ്ങളും മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലേയെന്നും അദേഹം ചോദിച്ചു.

മുല്ലപ്പള്ളിയെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കാൻ കോൺഗ്രസ് സമ്മതിക്കില്ല. കോൺഗ്രസിനെയും യു.ഡി.എഫിനെയും ഏതൊരു അവസരം കിട്ടിയാലും കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രവാസികളായ സഹോദരന്മാർ മരിച്ചു വീഴുമ്പോൾ അവർ നാട്ടിലേക്ക് തിരിച്ചുവരാതിരിക്കാനുള്ള ഗവേഷണം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

അഴിമതിയുണ്ടായാൽ അത് കണ്ടില്ലെന്ന് നടിക്കണമെന്ന് കൊവിഡ് പ്രോട്ടോക്കോളിൽ പറയുന്നുണ്ടോയെന്ന് അറിയില്ല. ഇതൊരു സുവർണാവസരമായി കണ്ട് അഴിമതി നടത്താനുള്ള അവസരമായാണ് സർക്കാർ ഇതിനെ കണ്ടത്. സ്പ്രിൻക്ലർ കേസ് മുഖ്യമന്ത്രി പറഞ്ഞതു പോലെ പൊട്ടി പോയിട്ടില്ല. അത് ഇപ്പോഴും കോടതിയിൽ നിലനിൽക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേരളം മുഴുവൻ യു.ഡി.എഫ് പ്രവർത്തകർക്കെതിരെ ഇപ്പോൾ കേസെടുത്ത് കൊണ്ടിരിക്കുകയാണ്. കുഞ്ഞനന്തന്‍റെ ശവസംസ്ക്കാര ചടങ്ങിൽ രണ്ടായിരം പേരാണ് പങ്കെടുത്തത്. കടകംപ്പള്ളി സുരേന്ദ്രൻ, എ.സി മൊയ്‌തീൻ, വി.എസ് സുനിൽകുമാർ ഉൾപ്പെടെയുള്ളവർ കൊവി‌ഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെതിരെ പിണറായി കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിന് സാമൂഹിക അകലം പാലിക്കാത്തതും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന് താൻ അയച്ച കത്തുകൾ പി.ആർ ഏജൻസികൾ വഴി പ്രചരിപ്പിക്കാൻ കഴിഞ്ഞില്ല. തനിക്ക് പി.ആർ ഏജൻസിയില്ല. ദുരന്തത്തെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിച്ചത് ആരെന്ന് എല്ലാവ‌ർക്കുമറിയാം. ഇരുപതിനായിരം കോടി രൂപയുടെ പാക്കേജും പ്രവാസികൾക്ക് നൽകാമെന്ന് പറഞ്ഞ പണവുമെല്ലാം തട്ടിപ്പായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

കൊവിഡ് പരിശോധനയിൽ കേരളം വളരെ പിന്നിലാണ്. വ്യാപകമായി പരിശോധന നടത്തുന്നുവെന്ന് പറയുന്നുവെങ്കിലും ഒരു ദിവസം അയ്യായിരത്തിൽ താഴെ പേർക്കാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് രോഗം ബാധിച്ച 87 പേരുടെയും ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

ചൈനീസ് അതിക്രമത്തെപ്പറ്റി എന്താണ് മുഖ്യമന്ത്രി മിണ്ടാത്തതെന്നും വ്യക്തമാക്കണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിണറായിയുടെ സർട്ടിഫിക്കറ്റ് പ്രതിപക്ഷത്തിനും വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.