തിരുവനന്തപുരം: സൂര്യൻ ഒരു പ്രഭാവലയമാകുന്ന ഈ ദശകത്തിലെ ആദ്യ സൂര്യഗ്രഹണത്തെ മഴമേഘങ്ങൾ മറച്ചതിനാൽ കേരളത്തിൽ ഭാഗികമായി പോലും ദൃശ്യമായില്ല. തിരുവനന്തപുരത്ത് രാവിലെ 10.14നാണ് ഗ്രഹണം ആരംഭിച്ചത്. പരമാവധി സൂര്യബിംബത്തിന്റെ 30.15 ശതമാനം മറയ്ക്കുന്ന ദൃശ്യമാണ് ലഭിച്ചത്. 1.15ന് ഗ്രഹണം പൂർത്തിയായി.
കഴിഞ്ഞ തവണ വാനനിരീക്ഷണ കേന്ദ്രത്തിലും ശാസ്ത്രസാങ്കേതിക വകുപ്പിന്റെ പ്ളാനറ്റോറിയത്തിലും ആയിരക്കണക്കിനാളുകൾ ഗ്രഹണം കാണാനെത്തിയെങ്കിലും ഇത്തവണ ആരെയും പ്ളാനറ്റോറിയത്തിൽ പ്രവേശിപ്പിച്ചില്ല.
ആട്ടോട്രാക്കിംഗ് സംവിധാനമുള്ള കമ്പ്യൂട്ടറൈസ്ഡ് ടെലിസ്കോപ്പ് ഉപയോഗിച്ച് ഗ്രഹണം ചിത്രീകരിച്ച് പ്ളാനറ്റോറിയം അധികൃതർ ഫേസ്ബുക്കിലൂടെ ലൈവായി കാണിച്ചു.
തൃശൂർ ജില്ലയിൽ 10.10ന് ഗ്രഹണം ആരംഭിച്ച്, 11. 39ന് ശക്തമാവുകയും ഉച്ചയ്ക്ക് 1.19ന് അവസാനിക്കുകയും ചെയ്തു. കാസർകോട്ട് രാവിലെ 10.05ന് ഗ്രഹണം ആരംഭിച്ച് 11.37ന് ഏറ്റവും ശക്തിമായി.
രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ സൂര്യനെ ഒരു അഗ്നിമോതിരം പോലെ കാണപ്പെട്ടു.
ഇന്ത്യയെ കൂടാതെ സുഡാൻ, എത്യോപ്യ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഒമാൻ, പാകിസ്ഥാൻ, ടിബറ്റ്, ചൈന എന്നിവിടങ്ങളിലും വലയഗ്രഹണം ദൃശ്യമായി. കഴിഞ്ഞ വർഷം ഡിസംബർ 26നായിരുന്നു അവസാനമായി വലയസൂര്യഗ്രഹണം ദൃശ്യമായത്. കേരളത്തിൽ ഇനിയൊരു സൂര്യഗ്രഹണം ദൃശ്യമാവുക 2022 ഒക്ടോബർ 25 നായിരിക്കും.
.