d

കല്ലമ്പലം: ലോക്ക് ഡൗണിൽ ലോക്ക് വീണ ആഡിറ്റോറിയങ്ങൾ അനാഥമാകുന്നു. കൊവിഡിനെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ആഡിറ്റോറിയങ്ങൾ ഉൾപ്പടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചെങ്കിലും ഇളവുകൾ വന്നതോടെ ഭൂരിഭാഗവും തുറന്നു പ്രവർത്തിച്ചു. എന്നാൽ ആഡിറ്റോറിയങ്ങൾ തേടി ആരും എത്തുന്നില്ല. നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ പലതും മാറ്റി വച്ചതും അമ്പതിൽ താഴെ മാത്രം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലളിതമായ ചടങ്ങിൽ വിവാഹവും മറ്റും വീടുകളിൽ നടക്കുന്നുന്നതുകൊണ്ടുമാണ് ആരും ആഡിറ്റോറിയങ്ങൾ അന്വേഷിക്കാത്തത്. അരങ്ങൊഴിഞ്ഞതോടെ ആഡിറ്റോറിയങ്ങൾ അനാഥമായി. ഉടമകളിൽ പലരും കടക്കെണിയിലാണ്.

ആഡിറ്റോറിയങ്ങൾ ശൂന്യമായതോടെ ഇതുമായി ബന്ധപ്പെട്ട് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന നിരവധി തൊഴിലാളികളുടെ വീടുകളും പട്ടിണിയിലായി. വിവാഹത്തിന്റെ അന്നും തലേന്നുമായി തുടങ്ങി വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് കഷ്ടത്തിലായത്. വിവാഹങ്ങൾ കൂട്ടത്തോടെ മാറ്റിവച്ചതോടെ ഇവരെല്ലാം ആശങ്കയിലാണ്.

നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾക്ക് പലരും അഡ്വാൻസായി ഒരു തുക ആഡിറ്റോറിയത്തിനും ഭക്ഷണത്തിനും മറ്റും നൽകിയിരുന്നു. ഇത് തിരിച്ച് കിട്ടുമോ എന്ന ആശങ്കയിലാണ് ചില കുടുംബങ്ങൾ. മക്കളുടെ വിവാഹം ആർഭാടത്തോടെ തന്നെ നടത്തണം എന്നാഗ്രഹമുള്ളവരാണ് വിവാഹങ്ങൾ മാറ്റി വച്ചതിലധികം പേരും. എന്നാൾ നിശ്ചയിച്ചുറപ്പിച്ച വിവാഹം അതെ ദിവസം തന്നെ ലളിതമായ ചടങ്ങിൽ വീട്ടിൽ വച്ച് നടത്തിയവരുമുണ്ട്. ഇവരാണ് ഓരോ ആവശ്യങ്ങൾക്കായി നൽകിയ അഡ്വാൻസ്‌ തുക തിരിച്ചു കിട്ടുമോയെന്ന ആശങ്കയിലുള്ളത്. മഹാമാരിക്ക് ശമനമുണ്ടാകുമെന്നും പഴയകാല പ്രതാപം തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയിലാണ് ആഡിറ്റോറിയം ഉടമകളും ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളും.