പാറശാല: പിൽഗ്രിം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച് മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപന കർമ്മം 23 ന് രാവിലെ 10 ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ച് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ, ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാർ, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം എന്നിവർ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന മഹേശ്വരം ക്ഷേത്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം കൂടുതൽ തീർത്ഥാടകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചത്. ആർക്കിടെക്ട് ശങ്കറിന്റെ നേതൃത്വത്തിലാണ് അമിനിറ്റി സെന്റർ, കൂത്തമ്പലം, ലാൻഡ് സ്കേപിംഗ്, സോളാർ ലൈറ്റിംഗ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നത്.