june21d

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ പൂവമ്പാറ മുതൽ മൂന്നുമുക്കു വരെയുള്ള ദേശീയപാത നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ മൂന്നാംഘട്ട പണികൾ ആരംഭിച്ചു. കച്ചേരിനട മുതൽ കിഴക്കേ നാലുമുക്ക് വരെയുള്ള പ്രദേശത്ത് ഏറ്റെടുത്ത ഭൂമിയിൽ ഒാട ക്രമീകരിക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ ആരംഭിച്ചു. പൊളിച്ചു നീക്കുന്ന ഭാഗങ്ങൾ അപ്പോൾത്തന്നെ നീക്കം ചെയ്യുന്നുണ്ട്. റവന്യൂ അധികൃതരും ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥരും നടപടികൾക്ക് നേതൃത്വം നൽകി. നേരത്തെ ഏറ്റെടുത്ത ഭാഗത്ത് ഓടനിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ശേഷിക്കുന്ന ഭാഗത്തെ ഓട നിർമ്മാണം പൂർത്തിയാക്കിയാലുടൻ ടാറിംഗ് ജോലികൾ ആരംഭിക്കാനാണ് തീരുമാനം. എന്നാൽ കടകൾക്കു മുന്നിൽ ഓടയ്ക്കായി കുഴിയെടുത്തത് യഥാസമയം സ്ലാബിട്ട് നിരപ്പാക്കാത്തതിനാൽ കടകളിലേക്ക് ആളുകൾക്ക് കടക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും ഇടറോഡുകൾ തുടങ്ങുന്ന ഭാഗങ്ങൾ കുഴിച്ചിട്ട് ആഴ്ചകളായിട്ടും ശരിയാക്കാത്തത് യാത്ര ദുസഹമാക്കുന്നതായും പരാതി ഉയർന്നു. വലിയ കടകളുടെ മുൻവശം അപ്പോൾത്തന്നെ ശരിയാക്കുകയും ചെറിയ കടകളെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് പരാതിയിൽ പറയുന്നത്. 2015 - 16 സാമ്പത്തികവർഷത്തിൽ സംസ്ഥാന സർക്കാർ 23 കോടി രൂപയും, 2016 - 17 ൽ പൊളിക്കുന്ന മതിലുകൾ പുനർനിർമ്മിക്കുന്നതിന് മൂന്ന് കോടി രൂപയും അനുവദിച്ചിരുന്നു. പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയുള്ള ഭാഗത്ത് 136 പേർ പുറമ്പോക്ക് ഭൂമി കൈയേറിയതായി കണ്ടെത്തിയിരുന്നു. അവയെല്ലാം ഏറ്റെടുത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

വികസനം ഘട്ടം ഘട്ടമായി

ഒന്നാംഘട്ടം - പാതയോരത്തെ പുറമ്പോക്ക് ഭൂമി കണ്ടെത്തൽ

രണ്ടാം ഘട്ടം - ഭൂമിയേറ്റെടുക്കൽ, പരാതി പരിഹരിക്കൽ, പണി ആരംഭം

മൂന്നാംഘട്ടം - പൊളിച്ചു മാറ്റിയ മതിലുകൾ പുനസ്ഥാപിക്കൽ, ഇരുവശത്തും ഓട ക്രമീകരിക്കൽ

ഓട ക്രമീകരിക്കലിന് അനുവദിച്ചത് 4.8 ലക്ഷം രൂപ

 മതിലുകളുടെ പുനർനിർമ്മാണത്തിന് 46 ലക്ഷം

രാത്രിയും പകലും നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഉദ്ദേശിച്ച സമയത്തു തന്നെ പാതവികസനം പൂർത്തിയാക്കാൻ കഴിയും.

എം.പ്രദീപ്,

നഗരസഭാ ചെയർമാൻ