നെടുമങ്ങാട്: വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ 9.33 കോടി രൂപയുടെ വാർഷിക വികസന പദ്ധതികളുടെ നിർമാണം അന്തിമഘട്ടത്തിലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രൻ അറിയിച്ചു. ഏറെക്കാലമായി നാട്ടുകാർ മുറവിളി കൂട്ടിയിരുന്ന ആവശ്യങ്ങൾക്കാണ് പരിഹാരമാവുന്നത്. ആശുപത്രികളുടെ വികസനം, കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണം, വിദ്യാലയ നവീകരണം, ഗ്രന്ഥശാലകളുടെ പശ്ചാത്തല വികസനം, പട്ടികജാതി ക്ഷേമ പ്രവർത്തനങ്ങൾ, മാർക്കറ്റ് നവീകരണം,സാന്ത്വന പരിചരണം തുടങ്ങിയ പദ്ധതികളാണ് പൂർത്തിയാവുന്നത്. കല്ലറ സി.എച്ച്.സിയിൽ 55 ലക്ഷം രൂപ ചെലവിട്ട് പുതിയ വാർഡിന്റെയും പാലോട് സി.എച്ച്.സിയിൽ ജില്ലാ-ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ 50 ലക്ഷം ചെലവിട്ട് വയോജന വാർഡിന്റെയും നിർമ്മാണം തുടങ്ങി. സി.എച്ച്.സികളിൽ മരുന്ന് വാങ്ങാൻ 26 ലക്ഷവും കല്ലറ സി.എച്ച്.സിയിൽ പാലിയേറ്റിവ് കെയർ സെക്കൻഡറി (പാലിയേറ്റിവ് വാർഡുകൾ) യാഥാർത്ഥ്യമാക്കാൻ 35 ലക്ഷം രൂപയും ചെലവിട്ടു. 14.50 ലക്ഷം മുടക്കി വട്ടപ്പൻകാട് പട്ടികവർഗ കമ്മ്യൂണിറ്റി സെന്റർ നവീകരിച്ചു. 1.35 കോടി രൂപ ചെലവിട്ട് വിവിധ റോഡുകളുടെ നവീകരണം പൂർത്തിയാക്കി. സാംസ്കാരിക വകുപ്പുമായി ചേർന്ന് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരെ നിയമിച്ച് ബ്ലോക്കിന് കീഴിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മൃദംഗം, നാടകം, മിഴാവ്, നാടൻപാട്ട്, കഥാപ്രസംഗം എന്നിവയിൽ യുവജനങ്ങൾക്ക് പരിശീലനം ഏർപ്പെടുത്തി.
മറ്റു പ്രധാന പദ്ധതികൾ
------------------------------------
*44 അംഗീകൃത ഗ്രന്ഥശാലകൾക്ക് ഫർണീച്ചർ - 30 ലക്ഷം
*ഭിന്നശേഷിക്കാർക്ക് സൗജന്യ മുച്ചക്ര വാഹനം- 45 ലക്ഷം
*പാപ്പനംകോട് -മണ്ണൂർ കുടിവെള്ള പദ്ധതി - 10 ലക്ഷം
*പാമ്പുചത്തമണ്ണ് പട്ടികവർഗ കേന്ദ്രത്തിൽ കുടിവെള്ള പദ്ധതി - 28 ലക്ഷം
*പെരിങ്ങമ്മല മാർക്കറ്റ് നവീകരണം - 8.80 ലക്ഷം
*നന്ദിയോട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം - 9.60 ലക്ഷം
*ഇളവട്ടം,കൊല്ലായിൽ,താന്നിമൂട് എൽ.പി.എസുകളിൽ ചിൽഡ്രൻസ് പാർക്ക് - 15 ലക്ഷം
*പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് - 25 ലക്ഷം
*പട്ടികജാതി വനിതാസംഘങ്ങൾക്ക് ധനസഹായം - 10 ലക്ഷം
*പട്ടികജാതി മേഖലയിൽ കിണർ നവീകരണം - 15 ലക്ഷം
*വനിതാവ്യവസായ സംരംഭങ്ങൾക്ക് - 15 ലക്ഷം
*ക്ഷീരസംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട്,സബ്‌സിഡി - 47 ലക്ഷം
*വാമനപുരത്ത് 25 ഹെക്ടർ തരിശുപാടത്ത് നെൽകൃഷി -12 ലക്ഷം
*ഇരുളൂർ അങ്കണവാടി ചാവരുകാണി റോഡ് - 8 ലക്ഷം
*കാക്കാണിക്കര ഗ്രാമീണ പഠനകേന്ദ്രം - 50 ലക്ഷം