ന്യൂഡൽഹി: കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിൻ്റെ ചികിത്സയ്ക്ക് പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിച്ചു. പ്ലാസ്മ തെറാപ്പിക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് നിലവിൽ സത്യേന്ദ്ര ജെയിൻ. ഡൽഹിയിലെ സ്വകാര്യ - സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ അടങ്ങുന്നതാണ് സംഘം.
അതേസമയം സർക്കാർ പുറത്തു വിട്ട കണക്കുകൾ പ്രകാരം ദില്ലിയിൽ ഇന്നലെ 3630 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 56,746 ആയി.തുടർച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം മൂവായിരം കടന്ന സാഹചര്യമാണ്. ഇന്നലെ മാത്രം 77 പേർ മരിച്ചു. ഇതു വരെ 2112 പേരാണ് ഡൽഹിയിൽ മരിച്ചത്.