rajith

കിളിമാനൂർ: കൊവിഡ് വന്ന് ലോക്ക് ഡൗൺ ആക്കിയത് മുതൽ നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളുമൊക്കെ നിരീക്ഷണത്തിലുള്ളവരെ സഹായിക്കാനും അവശ്യസാധനങ്ങൾ എത്തിക്കാനും ഒക്കെ മുൻപന്തിയിലുണ്ടായിരുന്നു. ദിവസങ്ങൾ കഴിഞ്ഞു പ്രവാസികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി ആളുകൾ വരികയും അവരിൽ ചിലരിലൊക്കെ രോഗ ലക്ഷണം കണ്ടെത്തിയതോടെ സന്നദ്ധ പ്രവർത്തകർ പലരും പിൻവലിഞ്ഞു. എന്നാൽ അന്നു മുതൽ ഇന്നു വരെ യുദ്ധമുഖത്തെ പോരാളിയെപ്പൊലെ നിരീക്ഷണത്തിലുള്ളവർക്ക് ആശ്വാസവുമായി നഗരൂർ കടയിൽ വിട്ടിൽ രജിത്ത് ഒപ്പം ഉണ്ട്.

വിദേശത്ത് നിന്ന് വരുന്നവരെ വീട്ടുകാരും നാട്ടുകാരും ഭീകരരെ പോലെ കാണുമ്പോൾ അവർക്ക് ഭക്ഷണവും അവശ്യ സാധനങ്ങളുമായി രജിത്ത് അരികിൽ ഉണ്ട്. പ്രദേശത്ത് പ്രാവാസികൾക്കായി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈയിൻ ഏർപ്പെടുത്തിയിരിക്കുന്നത് രാജധാനി കോളേജിലാണ്. ഇവിടെ ഇപ്പോൾ അൻപത്തിരണ്ട് പേരാണ് ക്വാറന്റൈയിനിലുള്ളത്. ഇവർക്ക് ആഹാരം, മെഡിസിൻ തുടങ്ങി ആവശ്യമായതൊക്കെ എത്തിച്ചു കൊടുക്കുന്നത് രജിത് തനിച്ചാണ്. ആരോഗ്യ പ്രവർത്തകരും പൊലീസും ഒക്കെയുണ്ടെങ്കിലും അവർ ഹെല്പ് ഡെസ്കിൽ ഒതുങ്ങുമ്പോൾ മണിക്കൂറുകളോളം പി.പി.ഇ കിറ്റിൽ വിയർത്തു കുളിച്ച് മുഴുവൻ സമയവും രജിത് സഹായവുമായി ഓടി നടക്കുന്നു. നിരീക്ഷണത്തിലുള്ളവർ കാലാവധി കഴിഞ്ഞ് പോകുമ്പോൾ റൂം ക്ലീൻ ചെയ്യുക,​ ബെഡ് ഒരുക്കുക, രോഗികളായിട്ടുള്ളവർക്ക് ഡോക്ടർമാരിൽ നിന്ന് മെഡിസിൻ എത്തിക്കുക,​ ഭക്ഷണം എത്തിക്കുക എന്നിങ്ങനെ നീണ്ടുപോകുന്നു രജിത്തിന്റെ ജോലികളുടെ ലിസ്റ്റ്. കൊവിഡിന്റെ ആദ്യ സമയങ്ങളിൽ കമ്യൂണിറ്റി കിച്ചൺ, ഭക്ഷ്യ കിറ്റ് വിതരണം എന്നിവയിലും സജീവമായിരുന്നു രജിത്. കൊവിഡ് സാഹചര്യം കൊണ്ട് അമ്മ വിജയകുമാരിയെ സഹോദരിയുടെ വീട്ടിലാക്കി രജിത് വീട്ടിൽ തനിച്ച് താമസിച്ചാണ് സന്നദ്ധ പ്രവർത്തനത്തിനെത്തുന്നത്. സാമൂഹ്യ സേവനം തന്നെ തൊഴിലാണെന്ന് രജിത് പറയുന്നു.