തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായാൽ ജില്ലതിരിച്ച് ലോക്ക് ഡൗൺ നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിലെ സ്ഥിതി ഗുരുതരമല്ലെങ്കിലും ഏതുനിമിഷവും വ്യാപനം വർദ്ധിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു.
രോഗബാധിതർ കൂടിവരുന്ന പശ്ചാത്തലത്തിൽതലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. സെക്രട്ടേറിയറ്റിന് മുന്നിൽ ഉൾപ്പെടെ നഗരത്തിലെ പ്രതിഷേധ സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും
അനാവശ്യയാത്രകളും ആൾക്കൂട്ടവും ഒരുതരത്തിലും അനുവദിക്കില്ല. നഗരത്തിൽ മണക്കാട് ഐരാണിമുട്ടം പ്രദേശത്തും, ഗ്രാമീണ മേഖലയിൽ കാട്ടാക്കടയിലുമാണ് കണ്ടെയിൻമെന്റ് സോണുകൾ.
സമ്പർക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായിക്കഴിഞ്ഞാൽ ആ പ്രദേശം ഇപ്പോൾ കണ്ടയിൻമെന്റ് സോണാകും.
രോഗിയുടെ വീട് ഉൾപ്പെടുന്ന വാർഡ്, ഡിവിഷൻ എന്നിവ കേന്ദ്രീകരിച്ചാണ് കണ്ടയിൻമെന്റ് സോണാക്കുക.
ഓരോ ജില്ലയിലും കണ്ടയിൻമെന്റ് സോണുകളുടെ എണ്ണം കൂടുന്നത് അനുസരിച്ചാകും ജില്ലാ ലോക്ക് ഡൗൺ നടപ്പാക്കുക.
രോഗ വ്യാപനം വർദ്ധിച്ചതോടെ ബ്രേക്ക് ദ ചെയിൻ മാർഗനിർദേശങ്ങൾ കർശനമാക്കാൻ നടപടി തുടങ്ങി. ലോക്ക് ഡൗൺ ഇളവുകൾ വന്നതിന് പിന്നാലെ സർക്കാർ ഓഫീസുകളിൽ എല്ലാ ജീവനക്കാരും എത്താൻ നിർദേശം നൽകിയെങ്കിലും ഒരാഴ്‌ച പിന്നിട്ടതോടെ അത് പിൻവലിച്ചു. സർക്കാർ ഓഫീസുകളിൽ ഒരാൾക്ക് രോഗബാധയുണ്ടായാൽ ഓഫീസ് പ്രവർത്തനം താത്കാലികമായി നിറുത്തിവയ്ക്കേണ്ടിവരും. ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാലാണ് എല്ലാവരും ഒരേസമയം വേണ്ടെന്ന് തീരുമാനിച്ചത്.
സമൂഹവ്യാപനം തടയാം
മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാണെങ്കിലും സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ സമൂഹവ്യാപനമാണ്.
എന്നാൽ സംസ്ഥാനത്ത് ആകെയുണ്ടായ കൊവിഡ് ബാധിതരുമായി താരതമ്യപ്പെടുത്തുമ്പോൾ ഉറവിടം അറിയാത്ത കേസുകൾ കുറവാണ്. വിദേശത്തും അന്യസംസ്ഥാനങ്ങളിലും നിന്നെത്തുവർക്ക് മാത്രമാണ് രോഗമെന്നുള്ള ധാരണയിൽ എല്ലാവരും നിയന്ത്രണങ്ങൾ ലംഘിച്ചാൽ സ്ഥിതി ഗുരുതരമാകുമെന്നും വിദഗ്ദ്ധർ പറയുന്നു.
കേരളത്തിൽ കൊവിഡ് പ്രതിരോധം
പാളി: കെ. സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പാളിപ്പോയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
രോഗികളെ ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയാണ്. അതിന് പ്രകടമായ തെളിവാണ് കൊവിഡ് ബാധിച്ച് മരിക്കാനിടയായ കണ്ണൂർ മട്ടന്നൂരിലെ എക്സൈസ് ഡ്രൈവർ സുനിലിന്റെ ശബ്ദസന്ദേശമെന്ന് അദ്ദേഹം ആരോപിച്ചു.
തനിക്ക് മതിയായ ചികിത്സയും പരിചരണവും ലഭിക്കുന്നില്ലെന്ന് സുനിൽ സഹോദരൻ സുമേഷിന് അയച്ച ശബ്ദസന്ദേശത്തിലുണ്ട്. പാലക്കാട്ടെ പല രോഗികളും തങ്ങൾക്ക് പരിചരണം ലഭിക്കുന്നില്ലെന്നു സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പരാതി ഉയർത്തിയിരുന്നു.
പ്രവാസി മലയാളികളോട് സംസ്ഥാന സർക്കാർ കടുത്ത ദ്രോഹമാണ് കാണിക്കുന്നത്. നോർക്ക അവർക്കായി ഒന്നും ചെയ്തിട്ടില്ല. വന്ദേ ഭാരത് മിഷൻ മുഖേന കൂടുതൽ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാനം തയ്യാറാവണം.