കാട്ടാക്കട:ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച കാട്ടാക്കടയ്ക്ക് ആശ്വാസമായി ആദ്യ സമ്പർക്ക പട്ടികാഫലം. ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തയാറാക്കിയ സമ്പർക്ക പട്ടികയുടെ അടിസ്ഥാനത്തിൽ 18ന് പ്രഥമ സമ്പർക്ക പട്ടികയിൽ ഉള്ള106 പേരുടെ സ്രവം പരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. ഇവരുടെ ഫലമാണ് നെഗറ്റീവ് ആയതെന്ന് മെഡിക്കൽ ഓഫീസർ ശാന്തകുമാർ അറിയിച്ചു.
ഇക്കഴിഞ്ഞ 14നാണ് ആരോഗ്യ പ്രവർത്തകയ്ക്ക് ആദ്യ ഫലം പോസിറ്റീവായത്. തുടർന്ന് നടത്തിയ രണ്ടു പരിശോധനയും ഇവർക്ക് നെഗറ്റീവ് ആയതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇതിനിടെ ഇവരുടെ റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയാറാക്കിയാണ് ആരോഗ്യ വകുപ്പ് പരിശോധന നടപടികളുമായി മുന്നോട്ട് പോയത്. ഇതിനിടയിൽ കാട്ടാക്കട ഗ്രാമപ്പഞ്ചായത്തിനെ ഹോട്ട് സ്പോട്ട് ആയും ആരോഗ്യ പ്രവർത്തക ഏറ്റവും കൂടുതൽ സമ്പർക്കം ഉണ്ടായിരുന്ന 10 വാർഡുകൾ കണ്ടെയിന്മെന്റ് സോൺ ആയും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. അതേസമയം ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്നാണ് അധികൃതരുടെ വിശദീകരണം.