നെടുമങ്ങാട്: ചെറിയൊരു മഴയിൽ പോലും കരമനയാറിൽ സ്ഥിതി ചെയ്യുന്ന അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറക്കാറുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നിന്ന് ഒലിച്ചെത്തുന്ന വെള്ളം തന്നെ മതിയാകും അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ. സംഭരണശേഷി കുറവാണെന്നാണ് ഇതിന് അധികൃതർ നൽകുന്ന വിശദീകരണം. ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ട് പാഴാക്കി കളയുമ്പോൾ ഡാമിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഇരുമ്പയിലും മൈലാടുംപാറയിലും ആറാംകല്ലിലുമൊക്കെ താമസിക്കുന്നവർക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. ലോറികളിൽ ലോഡ് ഒന്നിന് 2,​500 രൂപ ജല അതോറിട്ടി ഓഫീസിൽ അടച്ചാണ് ഈ പ്രദേശങ്ങളിൽ കുടിവെള്ളം സംഭരിക്കുന്നത്. ഇവിടെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താൻ മൂന്ന് പതിറ്റാണ്ട് മുമ്പ് വാട്ടർ അതോറിട്ടി കുമ്മിയിൽ സ്ഥാപിച്ച അഞ്ച് എം.എൽ.ഡി പ്ലാന്റ് നോക്കുകുത്തിയാവുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. കരകുളം പഞ്ചായത്തിലെ 13,​000 ഹൗസ് കണക്ഷനുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് കുമ്മിയിൽ സ്ഥാപിച്ചിട്ടുള്ള പ്ലാന്റിനെയാണ്. കുടപ്പനക്കുന്ന് മുതൽ വട്ടപ്പാറ വരെയും ഇരുമ്പ മുതൽ കല്ലയം വരെയും കുമ്മിയിൽ നിന്നുള്ള ലൈനുകൾ നീളുന്നുണ്ട്. 25,​000 ഉപഭോക്താക്കളാണ് ഈ ലൈനിനെ ആശ്രയിക്കുന്നത്. കുമ്മി സ്റ്റോറേജ് ടാങ്കിന്റെ ശേഷിക്കുറവ് കാരണം ഒന്നിടവിട്ട ദിവസങ്ങലിൽ മാത്രമേ ലൈനുകളിൽ വെള്ളം എത്തുകയുള്ളൂ.

ടാപ്പിനു മുന്നിൽ ഉറക്കമിളച്ച്

രാത്രി ഏഴ് മണിയോടെ പൈപ്പിൽ വെള്ളമെത്തുന്നതും കാത്ത് വീടുകളിൽ നിന്ന് പാത്രങ്ങളുമായി നിൽക്കുന്ന കാഴ്ച ഇവിടെ പതിവാണ്. വാട്ടർ ലൈനിൽ ചോർച്ചയോ,​ വാൽവ് തകരാറോ,​ വൈദ്യുതി മുടക്കമോ സംഭവിച്ചാൽ വെള്ളമെത്തുന്നത് എപ്പോഴാണെന്ന് പറയാനാകില്ല. കുടിക്കാനായെങ്കിലും അല്പം വെള്ളം ലഭിക്കണമെങ്കിൽ ടാപ്പിന് മുന്നിൽ ഉറക്കമിളച്ച് കാത്തുനിൽക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. രാത്രി ഏറെ വൈകിയാലും ലൈനിലെ ഫാൾട്ട് നീക്കിയില്ലെങ്കിൽ അടുത്ത ദിവസം വെള്ളം കിട്ടുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാരണം ഷെഡ്യൂൾ പ്രകാരം അടുത്ത ലൈനിലായിരിക്കും അന്ന് വെള്ളമെത്തിക്കേണ്ടത്. ഇത്തരമൊരു സാഹചര്യത്തിൽ അമിതവില നൽകി ലോറിയിൽ വെള്ളം എത്തിക്കുകയല്ലാതെ പ്രദേശവാസികൾക്ക് മറ്റ പോംവഴിയില്ല.

16 എം.എൽ.ഡി പ്ലാന്റ് നിദ്രാവസ്ഥയിൽ

കുമ്മി വാട്ടർ പ്ളാന്റിന്റെ പരിമിതി നന്നേ ബോദ്ധ്യമുള്ള വാട്ടർ അതോറിട്ടി കരകുളം-നെടുമങ്ങാട് മേഖലകൾക്കായി 16 എം.എൽ.ഡി ശേഷിയുള്ള പുതിയൊരു സ്‌കീമിനു രൂപം നല്കി വർഷങ്ങളായെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. വാട്ടർ അതോറിട്ടിയുടെ സാമ്പത്തിക ഭദ്രത ഇതിനനുവദിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മഴക്കാലത്ത് പോലും വെള്ളം കിട്ടാത്ത കുന്നിൻ പ്രദേശങ്ങളാണ് ഇവിടെ ഏറെയും.

പാറമുകൾ, കല്ലയം, നെടുമ്പാറ, ചിറ്റാഴ, മുളമുക്ക്, മരുതൂർ, മൈലാടുംപാറ, മുല്ലശേരി, ആറാംകല്ല്, ഏണിക്കര, കായ്പ്പാടി, കരകുളം, ഇരുമ്പ, വഴയില, കുടപ്പനക്കുന്ന്,ക്രൈസ്റ്റ് നഗർ,വട്ടപ്പാറ തുടങ്ങിയ സ്ഥലവാസികളാണ് വാട്ടർ അതോറിട്ടിയുടെ അലിവിനായി കാത്തിരിക്കുന്നത്.

 കരകുളം പഞ്ചായത്തിൽ കുമ്മിയിലെ പ്ളാന്റിനെ ആശ്രയിക്കുന്നത് - 13,​000 വീടുകൾ

 കുടപ്പനക്കുന്ന് മുതൽ വട്ടപ്പാറവരെയും,​ ഇരുമ്പ മുതൽ കല്ലയംവരെയും കുമ്മിയിലെ പ്ലാന്റിനെ ആശ്രയിക്കുന്നത് - 25,​000 വീടുകൾ