തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മനോനില തെറ്റിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് സ്ഥലജല വിഭ്രാന്തിയാണെന്നും, സി.പി.എം സൈബർ ഗുണ്ടകളുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരം താഴരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പമാണ് പ്രതിപക്ഷം നിന്നത്.അതിന്റെ ഗുണഫലം സർക്കാരിന്റേതു മാത്രമാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. ഒരുമിച്ച് നിൽക്കാൻ ആഹ്വാനം ചെയ്ത ശേഷം സാലറി ചലഞ്ചിലൂടെ ജീവനക്കാരെ ഭിന്നിപ്പിച്ചു. പ്രളയ ഫണ്ടിൽ കൈയിട്ടു വാരിയവർക്കെതിരെ യഥാസമയം കുറ്റപത്രം സമർപ്പിക്കാതെ ജാമ്യം ലഭിക്കാൻ അവസരമൊരുക്കി.പ്രവാസികൾ അവിടെക്കിടന്ന് മരിക്കട്ടെയെന്ന നിലപാടിലാണ് സർക്കാർ. ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന വാശി എന്തിനാണ്. പ്രതിപക്ഷ സംഘടനകളാണ് പ്രവാസികളെ സഹായിച്ചത്. മറ്റു സംസ്ഥാനങ്ങളിലെ മലയാളികളെ തിരിച്ചുകൊണ്ടുവരാൻ ഒരു ബസെങ്കിലും കേരളം അയച്ചോ? ഒരു ട്രെയിനെങ്കിലും ചോദിച്ചോ?. ജീവനും കൈയിൽപ്പിടിച്ച് ഓടി വന്നവരെ ചെക്ക്പോസ്റ്റുകളിൽ തടഞ്ഞു.കടുത്ത നിയന്ത്രണങ്ങളിൽ മിറ്റിഗേഷൻ (ലഘൂകരണം )ആവശ്യപ്പെട്ടതിന് മുഖ്യമന്ത്രി പരിഹസിച്ചു. സമ്പൂർണ ലോക്ക് ഡൗൺ ഹോട്ട് സ്‌പോട്ടുകളിൽ മാത്രമായി ചുരുങ്ങിയില്ലേ ?. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും പ്രത്യേക ക്വാറന്റൈനും, ഹോം ക്വാറന്റൈനും റൂം ക്വാറന്റൈനുമാക്കിയില്ലേ. ഇതാണ് ലഘൂകരണം.
മുഖ്യമന്ത്രി എത്രവട്ടം
മാപ്പ് പറയും?
പ്രസംഗത്തിലെ ചില പരാമർശങ്ങളുടെ പേരിൽ മുല്ലപ്പള്ളി മാപ്പു പറയണമെന്നാവശ്യപ്പെടുന്ന മുഖ്യമന്ത്രി ആയിരം തവണയെങ്കിലും മാപ്പു പറയേണ്ടതാണ്. ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എൻ.കെ.പ്രേമചന്ദ്രനെ പരനാറിയെന്നും ടി.പി.ചന്ദ്രശേഖരനെ കുലംകുത്തിയെന്നും വിളിച്ചില്ലേ. അത് പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ല.രമ്യ ഹരിദാസിനെ എൽ.ഡി.എഫ് കൺവീനർ അപമാനിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ധാർമ്മികരോഷം എവിടെയായിരുന്നു?. ഷാനിമോൾ ഉസ്‌മാനെ പൂതനയെന്ന് വിളിച്ചത് ആരാണ്? പെമ്പിളൈ ഒരുമയിലെ വനിതകളെ ഒരു മന്ത്രി അശ്ലീലം കൊണ്ടു കുളിപ്പിച്ചില്ലേ. ഫോണിലൂടെ വനിതയോട് അശ്ലീലം പറഞ്ഞതിന് രാജി വച്ച മന്ത്രിയെ തിരിച്ചെടുത്ത മുഖ്യമന്ത്രിയാണിത്. സെക്രട്ടേറിയേറ്റിനു മുന്നിൽ താൻ നടത്തിയ ഉപവാസം വൈകാരിക വിഷയമായതിനാൽ ആൾക്കൂട്ടം സ്വാഭാവികമാണ്. ടി.പി വധക്കേസിലെ പ്രതിയായിരുന്ന പി.കെ.കുഞ്ഞനന്തന്റെ സംസ്‌കാരത്തിന് മന്ത്രി ഉൾപ്പെടെ 2000 പേർ പങ്കെടുത്തത് സാമൂഹിക അകലം പാലിച്ചാണോ?-ചെന്നിത്തല ചോദിച്ചു.
മുല്ലപ്പള്ളിക്ക് പിന്തുണയുമായി
ഉമ്മൻചാണ്ടി
തിരുവനന്തപുരം:കെ.പി.സി.സി പ്രസിഡന്റിനെ വളഞ്ഞിട്ടാക്രമിച്ച് കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്ന് സർക്കാരും സി.പി.എമ്മും കരുതേണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
ഔദ്യോഗിക പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കെ.പി.സി.സി പ്രസിഡന്റിനെതിരെ നടത്തിയ പരാമർശങ്ങൾ തികച്ചും നിർഭാഗ്യകരമാണ്. ഇങ്ങനെ പറയാനുള്ള ധാർമ്മിക അവകാശത്തെക്കുറിച്ച് മുഖ്യമന്ത്രി സ്വയം ആലോചിക്കണം.
കെ.പി.സി.സി പ്രസിഡന്റ് തന്റെ പ്രസ്താവനയ്ക്ക് വിശദീകരണം നല്കിയിട്ടുണ്ടെന്നും അതു കൂടുതൽ വിവാദമാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വിവാദ പരാമർശം:
മുല്ലപ്പള്ളിയെ
തള്ളി മുസ്ലീം ലീഗ്
മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുസ്ലിം ലീഗ്. സമുന്നത നേതാവും ദീർഘകാലത്തെ പൊതുപ്രവർത്തന പാരമ്പര്യവുമുള്ള അദ്ദേഹം സൂക്ഷ്മത പുലർത്തേണ്ടതായിരുന്നു. പ്രസ്താവനയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിക്കാണെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൂർണമായും സഹകരിക്കുന്ന യു.ഡി.എഫിനെയും കോൺഗ്രസിനെയും മോശമായി വിമർശിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്നതല്ല.
തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുളള സഹകരണം ലീഗിന്റെ പരിഗണനയിലുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിൽ ആറ് ജില്ലകളിൽ വെൽഫെയർ പാർട്ടിയുമായി സി.പി.എം സഖ്യമുണ്ടാക്കിയിരുന്നു. ഇടതുമുന്നണിക്ക് പുറത്തുള്ളവരുമായി വെൽഫെയർ പാർട്ടി സഹകരിക്കുമ്പോൾ മാത്രമാണ് വർഗീയ പാർട്ടിയെന്ന ആരോപണം സി.പി.എം ഉന്നയിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാദേശിക സാദ്ധ്യതകൾ വിലയിരുത്തി യു.ഡി.എഫ് നയങ്ങളുമായി യോജിച്ച് പോകുന്ന പാർട്ടികളുമായി സഖ്യമാകാമെന്ന് കെ.പി.എ മജീദ് പറഞ്ഞു.