lock-down

തിരുവനന്തപുരം: ഇന്നലെ സമ്പൂർണ ലോക്ക് ഡൗൺ ഒഴിവാക്കി ഇളവുകൾ നൽകിയിരുന്നെങ്കിലും ജില്ലയിൽ മെഡിക്കൽ സ്റ്റോർ അടക്കമുള്ള ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും തുറന്നില്ല. അതേസമയം, പതിവ് നിയന്ത്രണങ്ങൾ തുടരുകയും ചെയ്‌തു. സംസ്ഥാനത്ത് വിവിധ പ്രവേശന പരീക്ഷകളും വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ നടപടികളും നടക്കുന്നതിനാലാണ് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗണിൽ സർക്കാർ മാറ്റം വരുത്തിയത്. ഈ ഞായറാഴ്ച മാത്രമാകും പ്രത്യേക സാഹചര്യം പരിഗണിച്ച് ഇളവ് നൽകുന്നതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്നലെ മദ്യശാലകൾ തുറന്നു പ്രവർത്തിച്ചു. ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളും ബാറുകളും ബെവ്ക്യൂ ആപ്പ് ബുക്കിംഗ് അനുസരിച്ച് മദ്യവില്പന നടത്തി. കള്ളുഷാപ്പുകളും പ്രവർത്തിച്ചു. കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകളും സർവീസ് നടത്തി. ജില്ലാന്തര യാത്രകൾ അനുവദിച്ചിരുന്നു. വിവിധയിടങ്ങളിൽ നിന്ന് പരീക്ഷയ്ക്കും അഡ്മിഷനുമായെത്തിയ വിദ്യാ‌ർത്ഥികൾക്ക് പരിശോധനകൾക്ക് ശേഷം യാത്രാനുമതി നൽകി. നഗരത്തിൽ കൊവിഡ് കേസുകൾ കൂടുന്നത് പരിഗണിച്ച് പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. നഗരത്തിലെ പ്രധാനയിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലവും മാസ്കും ഉറപ്പാക്കിയായിരുന്നു പൊലീസ് പരിശോധന. കൂട്ടംകൂടി നിന്നവരെ വിരട്ടിയോടിച്ചും മാസ്ക് ശരിയായി ധരിക്കാത്തവരിൽ നിന്ന് പിഴയും ഇൗടാക്കി. മുഖ്യമന്ത്രിയുടെ നി‌ർദ്ദേശത്തെ തുടർന്നായിരുന്നു പൊലീസ് നടപടികൾ കർശനമാക്കിയത്. ആരാധനാലയങ്ങൾ തുറന്നതിനാൽ കഴിഞ്ഞ ഞായറാഴ്ചയും സമ്പൂർണ ലോക്ക് ഡൗണിൽ സർക്കാർ നിയന്ത്രണങ്ങളോടെ ഇളവ് നൽകിയിരുന്നു. അവശ്യ സർവീസുകൾ മുടക്കം കൂടാതെ പ്രവർത്തിച്ചു.