de

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികളും പടർന്നു പിടിക്കുന്നത് ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയാകുന്നു. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ് തുടങ്ങിയ പകർച്ച വ്യാധികൾ പിടിപെടുന്നവരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുകയാണ്. മഴതുടങ്ങിയതോടെ ഇടയ്ക്ക് അപ്രത്യക്ഷമായ ചിക്കുൻഗുനിയ, ചെള്ള്പനി, കുരങ്ങ്പനി എന്നിവയും റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. സാധാരണ പനി ബാധിച്ചാൽ പോലും കൊവിഡാണെന്ന് കരുതി ഭയപ്പെടുകയാണ് പലരും. മേയിൽ തന്നെ മഴ എത്തിയതും മഴക്കാല ശുചീകരണം കാര്യമായി നടക്കാത്തതുമാണ് പകർച്ചവ്യാധികൾ പടരാൻ കാരണം. പനി ബാധിക്കുമ്പോൾ തന്നെ കൊവിഡ് ഭീതി കാരണം ആശുപത്രികളിൽ പോകാൻ മടിച്ച് മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന വാങ്ങി കഴിക്കുന്ന പ്രവണതയും കൂടുന്നുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഡെങ്കിപ്പനി, എലിപ്പനി, ചെള്ള്പനി എന്നിവ കണ്ടെത്താൻ വൈകും. രോഗം മൂർച്ഛിക്കുമ്പോഴായിരിക്കും രോഗി ആശുപത്രിയിലെത്തുക.

അതേസമയം കൊവിഡ് ബാധ കൂടുതലുള്ള ജില്ലകളിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സ കിട്ടുന്നില്ലെന്നും പരാതിയുണ്ട്.

മലപ്പുറം ജില്ലയിൽ കൊവിഡ് ബാധ കൂടിയതോടെ മഞ്ചേരി മെഡിക്കൽ കോളേജ് പൂർണമായും കൊവിഡ് ആശുപത്രിയാക്കി. ഇതോടെ മഞ്ചേരിയിൽ മറ്റ് രോഗം വരുന്നവർ ചികിത്സയ്ക്ക് നിലമ്പൂരോ പെരിന്തൽമണ്ണയിലോ പോകേണ്ട അവസ്ഥയിലാണ്.

അതിവേഗം പടരുന്നു

മേയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ പകർച്ചവ്യാധി ബാധിച്ചവരുടെ എണ്ണത്തിൽ വലിയ വർദ്ധനയാണുള്ളത്. 20വരെയുള്ള കണക്കുകൾ മാത്രം നോക്കിയാൽ ഒരു ദിവസം ശരാശരി 3,252 പേർക്ക് പനി വരുന്നുണ്ട്. ഡെങ്കിപ്പനി ബാധിക്കുന്നവർ 161ഉം. ഇത് സംശയപ്പട്ടികയിലുൾപ്പെടെയുള്ളവരുടെ കണക്കാണിത്. കഴിഞ്ഞ മാസം 7 പേർക്കാണ് ചിക്കുൻഗുനിയ സ്ഥീരികരിച്ചത്. ഈ മാസം ഇതുവരെ അത് 22 ആയി. എലിപ്പനി ബാധിച്ച് രണ്ടു പേരും ‌ഡെങ്കിപ്പനി ബാധിച്ച് ഒരാളും ഈ മാസം മരിച്ചു.

കഴിഞ്ഞ 20 ദിവസത്തെ പകർച്ചവ്യാധി കണക്ക്

പനി- 65044

ഡെങ്കിപ്പനി-3232

ചിക്കുൻഗുനിയ- 22

എലിപ്പനി- 176

മഞ്ഞപ്പിത്തം- 56

ചിക്കൻപോക്സ്-343

മുണ്ടിനീര്- 35

ചെള്ള്പനി- 12

വളരെയേറെ ശ്രദ്ധിക്കണം

''കൊവിഡിനെയും സാധാരണ പനിയെയും പെട്ടെന്ന് തിരിച്ചറിയാനാകില്ല. അതിനാൽ രോഗം പകരുന്ന

സാഹചര്യം ഒഴിവാക്കുക, അകലം പാലിക്കുക. പനിയുടെ ചെറിയ ലക്ഷണങ്ങൾ കണ്ടാലും സെൽഫ് ക്വാറൻൈനിലാകുന്നതാണ് നല്ലത്. എന്തെങ്കിലും രോഗലക്ഷണം വന്നാൽ വീട്ടിനകത്തു പോലും മാസ്ക് ഉപയോഗിക്കുക. വീട്ടിലുള്ള മറ്റുള്ളവരും മാസ്ക് ഉപയോഗിക്കുക. ഹെൽത്ത് സെന്ററിലെയോ 'ദിശ' വഴിയോ ഡോക്ടറോടു സംസാരിക്കുക. ഡോക്ടറുടെ ഉപദേശമനുസരിച്ച് ആശുപത്രിയിൽ പോവുക. ജലദോഷമായാലും വൈറൽ പനിയായാലും ധാരാളം ആഹാരം കഴിക്കണം. ചൂട് കഞ്ഞിവെള്ളം കുടിക്കുക. പഴവ‌‌ർഗങ്ങൾ കഴിക്കുക.

- ഡോ.അമർ ഫെർട്ടിൽ,

കൊവിഡ്19 സംസ്ഥാന നോഡൽ ഓഫീസർ