123321

തിരുവനന്തപുരം: മഴയത്ത് വീട് തകർന്ന മോഡൽ സ്കൂളിലെ ഒമ്പതാം ക്ളാസുകാരൻ ആദിത്യന് പുതിയ വീട് ഒരുങ്ങുന്നു. ഒരാഴ്ച മുമ്പ് പെയ്ത മഴയിലാണ് വലിയശാല വാർഡിലെ മുളമൂട് വീട്ടിൽ അനിൽകുമാറിന്റെ വീട് തകർന്നു വീണത്.വീടിന്റെ ഒരു വശത്തെ ഭിത്തി പൂർണമായും തകർന്നു.ആദിത്യൻ വീട്ടിലുള്ളിൽ പഠിച്ചു കൊണ്ടിരുന്ന സമയത്താണ് വീട് തകർന്നത്.തലനാരിഴ്ക്കാണ് ആദിത്യൻ രക്ഷപ്പെട്ടത്.വാടക വീട്ടിൽ പോകോനോ വീട് പണിയാനോ നിവർത്തിയില്ലാത്ത കുടുംബത്തിലെ ആദിത്യന്റെ ഓൺലൈൻ പ‌‌ഠനവും ഇതോടെ തടസപ്പെട്ടു.തുടർന്ന് വിവരം മേയറുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.മേയർ സ്ഥലം സന്ദർശിച്ച് കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കി ആദിത്യന് വീട് വച്ച് നൽകാനുള്ള നടപടിയെടുക്കുമെന്ന് ഉറപ്പും നൽകി. വീട് നിർമ്മിച്ചു നൽകാൻ കാലതാമസം ഉണ്ടാകുമെന്നും അതുവരെ താമസിക്കാനുള്ള വാടകയ്ക്ക് എടുക്കാനാവാത്തതിനാൽ ബിൽഡേഴ്‌സ് സംഘടനായ ക്രഡായിയോട് മേയർ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. മേയറുടെ അഭ്യർത്ഥന സ്വീകരിച്ച ക്രഡായ് വീട് വച്ച് നൽകുമെന്ന് ഉറപ്പും നൽകി .അതിനുള്ള നടപടികളും ആരംഭിച്ചു.തിരുവനന്തപുരത്തെ പവർഹൗസ് റോഡിലുള്ള ഗാന്ധിപാർക്കിലെ ജീവനക്കാരനാണ് അനിൽകുമാർ.രണ്ട് വർഷം മുമ്പ് ഒരു അപകടത്തിൽപെട്ട് വയറിന് ഗുരുതരമായി പരിക്ക് പറ്റിയ അനിൽകുമാറിന്റെ ചികിത്സയ്ക്കു വേണ്ടി ചെലവാക്കിയ പണത്തിന്റെ ബാദ്ധ്യത ഇന്നും കുടുംബത്തിനുണ്ട്.അനിൽകുമാറിന്റെ ശമ്പളത്തിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് വീട് കഴിയുന്നത്.അനിൽകുമാറിന്റെ ചികിത്സയും മറ്റും ഇപ്പോഴും നല്ലൊരു തുക ചെലവുണ്ട്.വാടക വീട്ടിൽ പോകാൻ നിവൃത്തിയില്ലാതിരുന്ന ഇവരെ അവിടത്തെ സി.പി.എം പ്രാദേശിക നേതൃത്വം ഇപ്പോൾ വാടക വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്.